Nov 27, 2022

ബൈക്കുകൾ അതിവേഗം പാട്സുകളാകും’; തെളിവൊന്നും വയ്ക്കാതെ മോഷണം, യുവാവിനെ കുടുക്കിയത് സ്വന്തം ഹെൽമെറ്റ്"


സുല്‍ത്താൻ ബത്തേരി: പൊലീസുകാരെ വട്ടം കറക്കിയ ബൈക്ക് മോഷ്ടാവ് ഒടുവില്‍ സ്വന്തം ഹെല്‍മറ്റിന്റെ പേരില്‍ തന്നെ പിടിയിലായി. പനമരം, ബത്തേരി സ്റ്റേഷന് കീഴിലായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് ആക്രിയാക്കി വിറ്റ് വിലസിയ ബത്തേരി കട്ടയാട് റൊട്ടിക്കടയില്‍ എം ഷഫീഖ് (27) ആണ് പൊലീസ് പിടിയിലായത്. ഓരോ ബൈക്ക് മോഷണ കേസിലും അന്വേഷണം നടന്നുകൊണ്ടിരിക്കെ തുടര്‍ച്ചയായി മോഷണം നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ പൊലീസിനെ വട്ടംചുറ്റിച്ച കേസുകളിലാണ് മോഷ്ടാവ് ധരിച്ച ഹെല്‍മറ്റ് വഴികാട്ടിയായത്. 

സി സി ടി വി ഇല്ലാത്ത ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളായിരുന്നു മോഷ്ടാവ് നോക്കിവെച്ചിരുന്നത്. മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കില്ലെന്ന് മനസിലാക്കിയ പൊലീസ് പിന്നീട് മോഷണം നടന്ന മേഖലയിലെ റോഡുകളിലെയും കവലകളിലെയും ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് എല്ലായിടത്തും ‘കറുപ്പും മഞ്ഞയും’ നിറത്തില്‍ പ്രത്യേക ഡിസൈനിലുള്ള ഹെല്‍മെറ്റ് ധരിച്ചുള്ള യുവാവിന്റെ യാത്ര ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെയാണ് മോഷ്ടാവ് ഒരാളെന്ന നിഗമനത്തിലേക്ക് പോലീസെത്തുന്നത്. 

ഹെല്‍മറ്റിന്റെ ‘ഉടമസ്ഥനെ’ മനസിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ പോലീസിന്റെ നിരീക്ഷണത്തിലാക്കിയിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍നിന്നാണ് ഷഫീഖിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ hzeലീസ് നടത്തിയ പരിശോധനയില്‍ പിറകുവശത്തെ ഷെഡ്ഡില്‍നിന്ന് മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ചതിന്റെ പാര്‍ട്സുകളും കണ്ടെടുത്തു. മുമ്പ് ആക്രിക്കടയില്‍ ജോലിചെയ്തിരുന്ന ഷഫീഖ്, മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ച് പാര്‍ട്സുകളാക്കാന്‍ വിധഗ്ദ്ധനായിരുന്നു. കഴിഞ്ഞ ജൂണ്‍മുതല്‍ ഒക്ടോബര്‍ വരെ ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ആറ് ബൈക്കുകള്‍ ഷഫീഖ് മോഷ്ടിച്ചതായി പോലീസ് അറിയിച്ചു. 

അന്വേഷണസംഘം പിടികൂടുമ്പോള്‍ പോലും പനമരത്തുനിന്ന് മോഷിച്ച ബൈക്കായിരുന്നു ഷഫീഖ് വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചിരുന്നത്.
മോഷ്ടിക്കാനുള്ള ബൈക്ക് നോക്കിവെച്ചശേഷം ആളുകളില്ലാത്ത സമയംനോക്കിയെത്തി, കീ കണക്ഷന്‍ പ്ലഗ് ഊരിമാറ്റിയാണ് കടത്തിക്കൊണ്ടുപോയിരുന്നത്. ബത്തേരി സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക് മോഷണം പതിവായതോടെ പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. 

ബത്തേരിയിലെ ആക്രിക്കടകളിലായിരുന്നു ഷഫീഖ് ബൈക്കുകളുടെ പാര്‍ട്സുകള്‍ വിറ്റിരുന്നത്. തെളിവെടുപ്പില്‍ ആക്രിക്കടകളില്‍ വിറ്റ പാര്‍ട്സുകളില്‍ ചിലത് കണ്ടെടുത്തിട്ടുണ്ട്. ബത്തേരി സ്റ്റേഷനിലെ എസ് ഐ മാരായ ജെ ഷജീം, പി ഡി റോയിച്ചന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി ആര്‍ രജീഷ്, അജിത്ത് കുമാര്‍, നിഷാദ്, ശരത് പ്രകാശ്, സുനില്‍, സുജിത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only