ഇലന്തൂർ: സമ്പർക്ക വിലക്ക് പിൻവലിക്കുന്ന സമയത്താണ് ഫ്രാങ്കോ ഇലന്തൂർ ടൗണിലെത്തുന്നത്. തവിട്ടും വെള്ളയും കലർന്ന നിറം, നീണ്ട ചെവികൾ, കൗതുകം തോന്നുന്ന മുഖം. എല്ലാവരോടും ഇണങ്ങുന്ന പ്രകൃതമുള്ള അവൻ ഓട്ടോറിക്ഷ തൊഴിലാളികളുടെ സുഹൃത്തായി മാറി. പതിയെ പതിയെ അവിടെയെത്തിയ ഓരോരുത്തരും അവന്റെ പ്രിയപ്പെട്ടവരായി. ഇലന്തൂരിന്റെ പകൽ ആരംഭിക്കുമ്പോഴും അസ്തമിക്കുമ്പോഴും ഇരുട്ട് പടരുമ്പോഴും കാവലായിരുന്നു അവൻ. എന്നാൽ, തലച്ചോറിലെ വൈറസ് ബാധയെത്തുടർന്ന് ഒരുമാസമായി അവശനിലയിലായിരുന്ന ഫ്രാങ്കോ തിങ്കളാഴ്ച രാവിലെ ചത്തു. പക്ഷേ, ആ ജീവൻ തിരിച്ചുപിടിക്കാൻ ഒരുനാട് കൈകോർത്ത് നടത്തിയ ശ്രമങ്ങൾ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഏറ്റവും നല്ല കഥയായി എഴുതപ്പെടും.
ആ സൗഹൃദത്തിന്റെ കഥ ഇങ്ങനെ...
ഇലന്തൂരിലെത്തിയശേഷം കടത്തിണ്ണകളിലും ഓട്ടോസ്റ്റാൻഡിലുമാണ് അവൻ താമസമാക്കിയത്. ഭക്ഷണം കിട്ടാതെ എല്ലും തോലുമായി കിടക്കുമ്പോഴാണ് ഓട്ടോ തൊഴിലാളികളായ അനിലും പ്രിൻസും ശ്രദ്ധിക്കുന്നത്. ചത്തുകിടക്കുകയാണെന്നാണ് ആദ്യം കരുതിയത്- അനിൽ പറഞ്ഞു. അനക്കമുണ്ടെന്നറിഞ്ഞപ്പോൾ കുടിക്കാൻ വെള്ളം ഒഴിച്ചുകൊടുത്തു. ബിസ്കറ്റ് പൊടിച്ചുകൊടുത്തു. വീട്ടിൽ പോയി വന്ന ഡ്രൈവർമാരിലാരോ പൊതിച്ചോറും നല്കി. എന്നിട്ടും എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞത് പിറ്റേദിവസമാണെന്ന് പ്രിൻസ് പറയുന്നു. പിന്നെയവരെ ചുറ്റിപ്പറ്റിയായി ജീവിതം. എല്ലാവരും ചേർന്നവന് ഫ്രാങ്കോയെന്ന് പേരുമിട്ടു.
പിന്നെയവൻ നഗരത്തിന്റെ സ്നേഹമായി. ടൗണിലെ കടക്കാരുടെയും ബസ് കയറാനെത്തുന്ന കുട്ടികളുടെയുമെല്ലാം പ്രിയപ്പെട്ടവനായി. എന്നും രാവിലെ ചൂടുള്ള പത്രവാർത്തകളുമായെത്തുന്ന ഏജന്റ് രമാദേവി അവനായി ചൂട് പറക്കുന്ന ആഹാരവും കൈയ്യിൽ കരുതും. ടൗണിലെത്തുന്നവരിൽ ചിലർ അവനായി പൊറോട്ടയും പലഹാരങ്ങളും പൊതിച്ചോറും നൽകി. വീട്ടിൽനിന്ന് കൊടുത്തു വിടുന്ന ഭക്ഷണത്തിനൊപ്പം ഓട്ടോറിക്ഷ സുഹൃത്തുക്കളുടെ സഞ്ചിക്കുള്ളിൽ ഫ്രാങ്കോയ്ക്കുള്ള കരുതലുമുണ്ടാകും. അവിടംകൊണ്ടും തീർന്നില്ല. സമയം തെറ്റാതെ മൃഗാശുപത്രിയിലെത്തിച്ച് അവർ കുത്തിവെയ്പ് എടുത്തു. വിശ്രമിക്കാൻ സ്ഥലമൊരുക്കി. സ്നേഹത്തിന്റെ ലാളനകൾ നൽകി.
ഒരു മാസം മുൻപാണ് ശാരീരികപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. കൈവിടാൻ കഴിയില്ലെന്ന് ഉറപ്പിച്ച ഓട്ടോ സുഹൃത്തുക്കൾ ചേർന്ന് പത്തനംതിട്ട ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. കൂടുതൽ ചികിത്സയ്ക്കായി പിന്നെ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം തുരുത്തിയിലുള്ള സ്വകാര്യ ആശുപത്രിയിലും. ദിവസം 300 രൂപയുടെ മരുന്നു വേണമായിരുന്നു. ഓട്ടത്തിൽനിന്ന് മിച്ചംപിടിക്കുന്ന തുകകൊണ്ട് അവർ അവനെ ചേർത്തുപിടിച്ചു. ഓട്ടോ സ്റ്റാൻഡിന് സമീപം വിശ്രമിക്കാൻ ഇടമൊരുക്കി. പക്ഷേ, കനൈൻ ഡിസ്റ്റെമ്പർ (നായ്ക്കളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസ് ബാധ) മൂർച്ഛിച്ചതിനാൽ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. പ്രതീക്ഷയറ്റെങ്കിലും തളരാതെ, പറ്റുന്ന വഴികളിലെല്ലാം അവർ ചികിത്സിച്ചുകൊണ്ടേയിരുന്നു. പക്ഷേ, തിങ്കളാഴ്ച അവൻ വിടപറഞ്ഞു.
Post a Comment