Nov 9, 2022

"പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ നീക്കണം; വീണ്ടും പരാതി


കോഴിക്കോട്: ലോക ശ്രദ്ധ നേടിയ പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ക്കെതിരെ വീണ്ടും പരാതി. കൊടുവള്ളി നഗരസഭയില്‍ ആണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ശ്രീജിത് പെരുമനയാണ് കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. കട്ടൗട്ടുകള്‍ നീക്കാന്‍ ചാത്തമംഗലം പഞ്ചായത്തിലും ശ്രീജിത് പെരുമന നേരത്തെ പരാതി നല്‍കിയിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തും വിധം നിയമം ലംഘിച്ച് സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കണമെന്നായിരുന്നു അഡ്വ. ശ്രീജിത് പെരുമനയുടെ പരാതി.
അതെ സമയം പുള്ളാവൂരില്‍ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് കുന്ദമംഗലം എം.എൽ.എ അഡ്വ. പി.ടി.എ റഹീം വ്യക്തമാക്കി. എൻ.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിതെന്നും കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ് എന്നും പി.ടി.എ റഹീം അറിയിച്ചു.

മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ എന്നിവരുടെ പടുകൂറ്റന്‍ കട്ടൗട്ടുകളാണ് പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ സ്ഥാപിച്ചിട്ടുള്ളത്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് ഞായറാഴ്ച രാത്രിയോടെയാണ് ആരാധകർ ഉയർത്തിയത്. മെസിയുടെ കട്ടൗട്ട് ഉയര്‍ത്തിയതിന്‍റെ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ കട്ടൗട്ടുമായി രംഗത്തുവരുന്നത്. രാത്രിയിലും കാണാൻ സാധിക്കുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളോടെയാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. മെസിയുടെ കട്ടൗട്ട് 30 അടിയും നെയ്മറുടേതിന് 40 അടിയുമാണ് ഉയരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ആണ് ഏറ്റവും ഉയരത്തിലുള്ളത്. 50 അടിയാണ് ഇതിന്‍റെ ഉയരം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only