Dec 13, 2022

ശനി, ഞായർ ദിവസങ്ങൾ ഒഴിച്ച് രാത്രി 12 നും പുലർച്ച 5 നും ഇടയിൽ ട്രെയ്‌ലറുകൾ ചുരം കയറും"


താമരശ്ശേരി ∙ അടിവാരത്ത് 3 മാസമായി തടഞ്ഞിട്ടിരിക്കുന്ന ട്രെയ്‌ലറുകൾ വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി ചുരം കയറ്റി വിടാൻ ജില്ലാ ഭരണകൂടം പൊലീസിനു നിർദേശം നൽകി. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതു പ്രകാരമുള്ള സത്യവാങ്മൂലം, 20 ലക്ഷം രൂപ ഡിപ്പോസിറ്റ്, മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാക്കിയ സാഹചര്യത്തിലാണ് തീരുമാനം.



ജില്ലാ ഭരണകൂടത്തിന്റെ നിർദേശം കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ഇതു പ്രകാരം ട്രെയ്‌ലറുകൾ കടത്തി വിടുന്നതിനുള്ള തീയതി വിദഗ്ധ സമിതി 2 ദിവസത്തിനകം തീരുമാനിക്കും. ചുരത്തിൽ ആംബുലൻസ് ഒഴിച്ചുള്ള വാഹന ഗതാഗതം നിർത്തിവച്ചു ട്രെയ്‌ലറുകൾ കടത്തി വിടുന്ന സാഹചര്യത്തിൽ തീയതി നേരത്തെ പൊതുജനങ്ങളെ അറിയിക്കും. ട്രെയ്‌ലറുകൾ കടത്തി വിടുമ്പോൾ ഏതെങ്കിലും രീതിയിലുള്ള നാശനഷ്ടം ഉണ്ടായാൽ ഈടാക്കുന്നതിനും മറ്റുമാണ് 20 ലക്ഷം രൂപയുടെ ഡിഡി ദേശീയപാത അധികൃതരുടെ പേരിൽ വാങ്ങിയിരിക്കുന്നത്.


നെസ്‌ലെ കമ്പനിക്ക് പാൽ പൗഡർ, ചോക്ലേറ്റ് പൗഡർ എന്നിവ നിർമിക്കുന്നതിന് കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങൾ ന​ഞ്ചൻകോട് എത്തിക്കുന്നതിന് അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. ശനി, ഞായർ എന്നീ ദിവസങ്ങൾ ഒഴിച്ച് രാത്രി 12നും പുലർച്ച 5നും ഇടയിൽ വാഹനങ്ങൾ കയറ്റി വിടാനാണ് നിർദേശം. ആർടിഒ പി.ആർ.സുമേഷ്, താമരശ്ശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ് തെങ്ങലക്കണ്ടി, ദേശീയ പാത എക്സിക്യൂട്ടീവ് എൻജിനീയർ എൻ.പി.ഗിരിജ എന്നിവരാണ് സ്ഥലം സന്ദർശിച്ചു ജില്ലാ ഭരണകൂടത്തിനു റിപ്പോർട്ട് നൽകിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only