Dec 7, 2022

15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് എഎപി: ഡൽഹി നഗരസഭയും പിടിച്ച് ആപ്പ്.


ന്യൂഡൽഹി: ബിജെപിയുടെ തുടർച്ചയായ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്ത് ആം ആദ്മി പാർട്ടി. 135 സീറ്റുകൾ നേടിയാണ് എഎപി ഡൽഹി കോർപ്പറേഷൻ അധികാരം പിടിച്ചെടുത്തത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. 10 സീറ്റിലൊതുങ്ങി കോൺഗ്രസ് തകർന്നു. ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല.

250 അംഗ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

15 വർഷമായി തുടർച്ചയായി ബിജെപിയാണ് ഡൽഹി കോർപ്പറേഷൻ ഭരിക്കുന്നത്. 2017-ൽ നടന്ന അവസാന എം.സി.ഡി. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 181 വാർഡുകൾ നേടാനായിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി.ക്ക് 48 വാർഡിലും കോൺഗ്രസിന് 27 വാർഡിലുമായിരുന്നു ജയിക്കാനായിരുന്നത്.

ഇത്തവണ ബിജെപിക്ക് 67 സീറ്റുകളോളമാണ് നഷ്ടമായത്. എഎപി 91 സീറ്റുകളോളം അധികമായി നേടി. 17 സീറ്റുകളോളം കോൺഗ്രസിന് നഷ്ടമാകുകയും ചെയ്തു.
250 വാർഡുള്ള കോർപ്പറേഷനിലേക്ക് ഇത്തവണ 1349 സ്ഥാനാർഥികളായിരുന്നു മത്സരിച്ചത്. ബി.ജെ.പിയും ആം ആദ്മി പാർട്ടിയും മുഴുവൻ വാർഡിലും കോൺഗ്രസ് 247 സീറ്റിലും സ്ഥാനാർഥികളെ നിർത്തി. എക്സിറ്റ് പോൾ ഫലങ്ങളും എ.എ.പിക്ക് അനുകൂലമായിരുന്നു.

1958-ൽ സ്ഥാപിതമായ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ 2012-ൽ കോൺഗ്രസ് സർക്കാരാണ് നോർത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയിൽ കോർപ്പറേഷനുകളെ കേന്ദ്രസർക്കാർ ലയിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only