ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഹൃദയം കവരുന്ന വാര്‍ത്തയാണ് ഹകീം സിയേഷിനെ കുറിച്ച് പുറത്തുവരുന്നത്. ഇത്തവണ ലോകകപ്പില്‍നിന്ന് സ്വന്തമാക്കിയ സമ്പാദ്യ മെല്ലാം സ്വന്തം നാട്ടിലെ ദരിദ്രര്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിയേഷ്. സെമി വരെ എത്തിയ മൊറോക്കോ സംഘത്തില്‍ 2,77,575 പൗണ്ട്(ഏകദേശം 2.63 കോടി രൂപ) ആയിരിക്കും ഹകീം സിയേഷിനു ലഭിക്കുക. ഈ തുകയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാറ്റിവയ്ക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് ബെയ്ദൂനിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നാണ് മൊറോക്കോ നാട്ടിലേക്ക് മടങ്ങിയത്. ആരും ശ്രദ്ധിക്കാതെ വന്ന് ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ അടക്കം വമ്പന്മാരെ തകര്‍ത്ത് സെമി ഫൈനല്‍ കടന്നാണ് മൊറോക്കോ ഇത്തവണ ചരിത്രമെഴുതിയത്.ആഫ്രിക്കന്‍ സംഘത്തിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ചെല്‍സി മിഡ്ഫീല്‍ഡര്‍ ഹക്കീം സിയേഷ്.
'എന്റെ ലോകകപ്പ് സമ്പാദ്യ മെല്ലാം ആവശ്യക്കാരായ പാവങ്ങള്‍ക്കു നല്‍കും. പണത്തിനു വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്കു വേണ്ടി കളിച്ചത്.ഹൃദയത്തില്‍നിന്നെടുത്ത തീരുമാനമായിരുന്നു അത്.'-ഹകീം സിയേഷ് പറഞ്ഞതായി ഖാലിദ് ട്വീറ്റ് ചെയ്തു. മൊറോക്കോ ടീമിലെ മറ്റു താരങ്ങളും ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രരായ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായും ഖാലിദ് പറഞ്ഞു.
2015 മൊറോക്കോ ദേശീയ ടീമിലെത്തിയ ഹകീം സിയേഷ് ഇതുവരെ ശമ്പളം വാങ്ങിയിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ടീമിന്റെ ട്രെയിനിങ് സമയങ്ങളിലടക്കം ലഭിക്കുന്ന ബോണസ് തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ടീമിലെ മറ്റ് ജീവനക്കാര്‍ക്കും നല്‍കാറാണ് പതിവെന്ന് മൊറോക്കോന്‍ മാധ്യമമായ 'അറബിക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് താരം. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി 'സ്വീപ്' എന്ന പേരില്‍ പ്രത്യേക പദ്ധതി തന്നെ സിയേഷിന്റെ നേതൃത്വത്തില്‍ മൊറോക്കോയില്‍ നടന്നുവരുന്നുണ്ട്. മൊറോക്കന്‍ ലീഗില്‍ കളിക്കുന്ന അല്‍ ദരിയൂഷ് ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ വന്‍തുക സംഭാവന ചെയ്ത് താരം പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post a Comment