Dec 10, 2022

"മാൻഡസ് ചുഴലി: തമിഴ്നാട്ടിൽ 4 മരണം; കേരളത്തിലും മഴ ഭീഷണി, 3 ദിവസം മഴ സാധ്യത ശക്തം, നാളെ 5 ജില്ലകളിൽ ജാഗ്രത"


തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ് പ്രകാരം അടുത്ത 3 ദിവസം കേരളത്തിൽ മഴ ശക്തമായേക്കും. ഇത് പ്രകാരം 11, 12, 13 തിയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 5 ജില്ലകളിലും തിങ്കളും ചൊവ്വയും 9 ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 നും ഡിസംബർ 13 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


അടുത്ത ദിവസങ്ങളിലെ യെല്ലോ അലർട്ട് ഇപ്രകാരം

11-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.  

12-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.  

13-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.  
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഡിസംബർ 12 നും ഡിസംബർ 13 നും പോകാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 നും ഡിസംബർ 13 നും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

10-12-2022:
 വടക്കൻ തമിഴ്‌നാട്- പുതുച്ചേരി തീരം, അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രപ്രദേശ് തീരം, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. 

12-12-2022 നും 13-12-2022 നും:
 തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടൽ, കേരള-കർണാടക തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

14-12-2022: തെക്ക്-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

തമിഴ്നാട്ടിൽ നാശംവിതച്ച് മാന്‍ഡസ് ചുഴലിക്കാറ്റ്

അതേസമയം തമിഴ്നാട്ടിൽ മാന്‍ഡസ് ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുകയാണ്. ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ പെട്ട് സംസ്ഥാനത്ത് ഇതുവരെ നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്. താഴ്ന്നയിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഇത് പലയിടത്തും വൈദ്യുത ബന്ധം തകരാറിലാക്കിയിട്ടുണ്ട്. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only