കോഴിക്കോട്: സഹപ്രവർത്തകനായ ആത്മസുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് മലപ്പുറം സ്വദേശിയായ ആർക്കിടെക്ട് ജീവനൊടുക്കി. മലപ്പുറം സ്വദേശി തലക്കുടത്തൂർ കോവുങ്ങൽ മധുരമംഗലത്ത് ഹാമിദ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
ഉച്ചമുതൽ കാണാതാവുകയും ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരിക്കുകയും ചെയ്തതോടെ സഹപ്രവർത്തകർ എത്തി താമസസ്ഥലം പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. നടക്കാവിലും മലപ്പുറത്തുമുള്ള സീറോ സ്റ്റുഡിയോ എന്ന ആർക്കിടെക്ട് സ്ഥാപനം നടത്തിവരുകയായിരുന്നു.
ഇതേസ്ഥാപനത്തിന്റെ വ്യാപാരപങ്കാളിയും എൻജിനീയറിങ് കോളേജിൽ സഹപാഠിയുമായ പി.കെ. അഫീഫ് (32) കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചിരുന്നു. ഇതിനുശേഷം ഹാമിദ് ഏറെ ദുഃഖിതനായിരുന്നു.
മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ് മോർട്ടം നടക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചേവായൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Post a Comment