Dec 9, 2022

വിവാഹിതനാണെന്നറിഞ്ഞ യുവതി പ്രണയത്തിൽനിന്നും പിൻമാറി; യുവാവ് പുഴയിൽ ചാടി,,,




തൊടുപുഴ : വിവാഹിതനാണെന്ന് മനസ്സിലാക്കിയ കാമുകി പ്രണയത്തിൽനിന്ന് പിൻമാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യാനായി പുഴയിൽ ചാടിയ യുവാവിന്റെ പരാക്രമം രണ്ടര മണിക്കൂറിലേറെ നേരം നഗരത്തെ വിറപ്പിച്ചു. കോലാനി സ്വദേശി ജോജോ ജോർജാണ് (28) തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപത്തുവച്ചു പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. പൊലീസും അഗ്നിശമന സേനയും രണ്ടു മണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ ജോർജ് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ നവംബർ 11 മുതൽ യുവാവിനൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാൽ ജോജോ നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ യുവതി ബന്ധത്തിൽ നിന്നു പിന്തിരിഞ്ഞു. ഇന്നലെ രാവിലെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് പാലത്തിൽ നിന്നും തൊടുപുഴയാറ്റിലേക്ക് യുവാവ് ചാടിയത്. സംഭവം കണ്ട വഴി യാത്രക്കാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസുകാർ ഓടിയെത്തിയെങ്കിലും ഒഴുക്ക് ശക്തമായ പുഴയിലേക്കിറങ്ങാൻ സാധിച്ചില്ല. തുടർന്ന് അഗ്നിശമന സേനയെ വിളിച്ച് വരുത്തി. ഈ സമയം ഒഴുക്കിൽപെട്ട് ഭയന്ന ജോജോ പാലത്തിന്റെ കോൺക്രീറ്റ് തൂണിൽ കയറി പിടിച്ചു കിടന്നു.

ഇതിനിടെ അഗ്നിരക്ഷാ സേനാംഗം നീന്തിയെത്തി ജോജോയെ സുരക്ഷിതനാക്കി. മറ്റു സേനാംഗങ്ങൾ പുഴയുടെ മധ്യത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് മൂലം സാധിച്ചില്ല. തുടർന്ന് പാലത്തിൽ നിന്നും കെട്ടിയ വടത്തിൽ തൂങ്ങിയാണു സേനാംഗങ്ങൾ പുഴയിലേക്കിറങ്ങിയത്. പിന്നീട് വല ഉപയോഗിച്ച് ജോജോയെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോജോയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നമില്ല. ഇയാൾ നേരത്തെ നെടുങ്കണ്ടത്ത് ആംബുലൻസ് ഡ്രൈവറായിരുന്നു. അതേ സമയം ആത്മഹത്യ ശ്രമത്തിന് ജോജോയുടെ പേരിൽ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only