വടകര : അഴിയൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
കൗണ്‍സിലിങ്ങിലൂടെയാണ് കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനൊപ്പംതന്നെ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നെല്ലാം പോലീസ് മൊഴിയെടുക്കുന്നുണ്ട്. മൊഴികളെല്ലാം വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടര്‍ നടപടികള്‍.
കുട്ടികള്‍ മയക്കുമരുന്ന് എത്തിച്ചതായി പറയുന്ന തലശ്ശേരിയിലെ മാളിലെയും മറ്റും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ ഇതിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷ. കേസന്വേഷണം വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി.
എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷിന്റെ നിര്‍ദേശ പ്രകാരം എക്സൈസും അന്വേഷണം ഊര്‍ജിതമാക്കി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി. രാജേന്ദ്രന്‍, എക്‌സൈസ് ഐ.ബി. അസിസ്റ്റന്റ് കമ്മിഷണര്‍ വൈ. ഷിബു എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. നേരത്തേ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പു പ്രകാരം അഴിയൂര്‍ സ്വദേശിക്കെതിരേ കേസെടുത്തിരുന്നു. മയക്കുമരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതായ വിവരം വീട്ടുകാര്‍ അറിഞ്ഞത് കഴിഞ്ഞ 24-നാണെന്ന് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. അന്ന് സ്‌കൂളിലെ ശൗചാലയത്തില്‍ പൂര്‍ണമായും നനഞ്ഞൊലിച്ച് കുട്ടി നില്‍ക്കുന്നത് അധ്യാപിക കണ്ടിരുന്നു. ഇത് വീട്ടുകാരെ അറിയിച്ചു. വീട്ടിലെത്തിയശേഷമാണ് ഒരു ചേച്ചി തനിക്ക് ബിസ്‌കറ്റ് തരാറുണ്ടെന്നും മയക്കത്തില്‍ ആകാറുണ്ടെന്നും കുട്ടി പറഞ്ഞത്.
പതിമൂന്നുകാരിയെപ്പോലും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കേരളസര്‍വകലാശാലയില്‍ പുറത്താക്കിയ സെനറ്റംഗങ്ങളുടെ കേസ് കേള്‍ക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
Post a Comment