സോക്കറിന്റെ സ്വന്തം ഇതിഹാസം ലയണൽ മെസ്സിയുടെ അർജന്റീനക്ക് ലോകകിരീടം. പലവട്ടം മുന്നിലെത്തിയിട്ടും എംബാപ്പെയുടെ മാന്ത്രിക കാലുകൾ അതിലേറെ തവണ കളി മാറ്റിമറിച്ചതിനൊടുവിലായിരുന്നു ഷൂട്ടൗട്ടിൽ അർജന്റീനക്ക് കിരീടമുത്തം. ഹാട്രിക് തികച്ച് സുവർണ ബൂട്ടുമായി എംബാപ്പെ തിളങ്ങിയപ്പോൾ കരിയറിലെ അവസാന ലോകകപ്പിൽ മെസ്സി രണ്ടു വട്ടം ഗോൾ നേടി ടീമിന്റെ വിജയനായകനായി.
പഴയ പ്രതികാരത്തിന്റെ ഓർമകൾ അലയടിച്ച ലുസൈൽ മൈതാനത്ത് ഇരു നിരയും കരുതലോടെയാണ് കളി തുടക്കമിട്ടത്. ഒട്ടും തിടുക്കം കാട്ടാതെ മുന്നേറ്റവും പ്രതിരോധവും കൃത്യമാക്കിയ നീക്കങ്ങൾ. ഗോൾ നേടുന്നതിലുപരി സ്വന്തം വല കാക്കുന്നതാണ് നല്ല തുടക്കമെന്ന ബോധ്യത്തോടെയുള്ള മുന്നേറ്റങ്ങൾ. ഡി മരിയ ആദ്യ ഇലവനിൽ എത്തിയതായിരുന്നു അർജന്റീന ക്യാമ്പിലെ വലിയ മാറ്റമെങ്കിൽ സെമിയിൽ പുറത്തിരുന്ന റാബിയോയെയും ഉപമെകാനോയെയും തിരിച്ചുവിളിച്ചായിരുന്നു ഫ്രാൻസ് അങ്കം കനപ്പിച്ചത്.
രണ്ടാം മിനിറ്റിൽ തന്നെ അർജന്റീന ആദ്യ ഗോളവസരം തുറന്നു. അഞ്ചാം മിനിറ്റിൽ വീണ്ടും ഫ്രഞ്ച് വലക്കരികെയെത്തി അപകടസൂചന നൽകി. ഒട്ടും കൂസാതെ എല്ലാം കാത്തിരുന്ന ഫ്രഞ്ചു പട വൈകിയാണെങ്കിലും അർജന്റീന ഗോൾമുഖത്ത് പ്രത്യാക്രമണങ്ങൾ തുടങ്ങിയതോടെ കളി ചടുലമായി. ഫ്രീകിക്കും പരുക്കൻ അടവുകളും പലവട്ടം കണ്ട കളിയിൽ ആദ്യാവസാനം മുന്നിൽ നിന്നത് അർജന്റീന. അതിന്റെ തുടർച്ചയായിട്ടായിരുന്നു 23ാം മിനിറ്റിൽ അർജന്റിന ഗോൾ നേടുന്നത്. ഇടതു വിങ്ങിൽ അതിവേഗ നീക്കവുമായി ഫ്രഞ്ച് ബോക്സിലെത്തിയ ഡി മരിയയയെ ഡെംബലെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. ഒട്ടും മാനസിക പ്രയാസമില്ലാതെ പതിയെ എത്തി ലോറിസ് ചാടിയതിന് എതിർ ദിശയിൽ പന്തടിച്ചുകയറ്റി മെസ്സി അനായാസം വലയിലെത്തിച്ചതോടെ ഗാലറി ആവേശത്തിരയേറി. പിന്നെ മൈതാനത്ത് ഒറ്റ ടീമേയുണ്ടായിരുന്നുള്ളൂ. ആധികാരികമായി കളംഭരിച്ച ടീം 35ാം മിനിറ്റിൽ മെസ്സി തുടക്കമിട്ട മറ്റൊരു നീക്കത്തിൽ വീണ്ടും ഗോളിലെത്തി. അലിസ്റ്റർ നൽകിയ അനായാസ പാസിൽ ഡി മരിയയായിരുന്നു സ്കോറർ.
ഡി മരിയയെന്ന വിങ്ങറെ തിരിച്ചറിയാൻ വൈകിയതാണ് ഫ്രഞ്ച് ടീമിന് ശരിക്കും വിനയായത്. താരം ഇടതുമൂലയിലൂടെ പറന്നുകയറി നടത്തിയ പടയോട്ടങ്ങൾ അർജന്റീനയെ ബഹുദൂരം മുന്നിൽ നിർത്തി. ഡി മരിയയെ പിടിച്ചുകെട്ടാൻ കൂണ്ടെ ശരിക്കും പാടുപെടുന്നത് തിരിച്ചറിഞ്ഞ മെസ്സി നിരന്തരം പാസ് നൽകി താരത്തെ നന്നായി ഉപയോഗിച്ചു. ഇതായിരുന്നു രണ്ടു ഗോളിലും നിർണായകമായത്.
പ്രതിരോധം കരുത്തുകൂട്ടി അവസാന നാലു വരെയെത്തിയ മൊറോക്കോയെ ചിത്രവധം നടത്തി കലാശപ്പോരിനെത്തിയ ഫ്രാൻസേ ആയിരുന്നില്ല അർജന്റീനക്കെതിരെ ഇറങ്ങിയത്. എതിരാളികൾ അതിശക്തരാണെന്ന തിരിച്ചറിവ് മാറ്റിവെച്ച്, അമിത ആത്മവിശ്വാസവുമായി ഇറങ്ങിയവർ അർജന്റീന മുന്നേറ്റത്തിനുമുന്നിൽ കവാത്ത് മറന്നു. അതോടെ മനോഹര നീക്കങ്ങളുമായി മൈതാനം നിറഞ്ഞ മെസ്സിക്കൂട്ടം നിരന്തരം ഫ്രഞ്ച് വലക്കരികെ അപായ മണി മുഴക്കി. ഫ്രഞ്ച് പ്രതിരോധം കഠിനാധ്വാനം ചെയ്തിട്ടും ഭാഗ്യം കൂടി കൂട്ടുനിന്നതാണ് പലപ്പോഴും കൂടുതൽ ഗോൾ പിറക്കാതെ കാത്തത്.
രണ്ടാം പകുതിയിലും ഫ്രാൻസിന് നിയന്ത്രണം നൽകാത്ത ശൈലിയായിരുന്നു അർജന്റീനയുടെത്. അഞ്ചു ഗോളുമായി ഗോൾഡൻ ബൂട്ടിനരികെയുണ്ടായിരുന്ന എംബാപ്പെയെയും സഹതാരം ജിറൂദിനെയും ശരിക്കും പൂട്ടിയ അർജന്റീന തങ്ങളുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും നിരന്തരം തൊടുത്തുകൊണ്ടിരുന്നു. കളി ഒരു മണിക്കൂർ പിന്നിടുമ്പോൾ ലാറ്റിൻ അമേരിക്കക്കാരുടെ ഗോൾ ഷോട്ടുകൾ ഒമ്പതായിരുന്നെങ്കിൽ മറുവശത്ത് ഒന്നുപോലും അതുവരെ പിറന്നിരുന്നില്ല. എംബാപ്പെ, ജിറൂദ് ദ്വയം മാത്രമല്ല ഗ്രീസ്മാനും ഡെംബലെയും ഒരുപോലെ നിറംമങ്ങി.
എന്നാൽ, ആദ്യ പകുതിയിൽ ഫ്രഞ്ച് കത്രികപ്പൂട്ടിൽ കുരുങ്ങിയ മെസ്സി ഇടവേള കഴിഞ്ഞതോടെ സടകുടഞ്ഞെണീറ്റ സിംഹമായി. ടീമിന്റെ മുന്നേറ്റങ്ങളുടെ സ്വയംഭരണം ഏറ്റെടുത്ത താരം ഒറ്റയാൻ നീക്കങ്ങൾക്കു പകരം കൂട്ടായ ആക്രമണത്തിന് ചുക്കാൻ പിടിച്ചു. 65ാം മിനിറ്റിലുൾപ്പെടെ പിറന്ന എണ്ണമറ്റ ഗോളവസരങ്ങൾ ലോറിസിനെ ശരിക്കും മുനയിൽ നിർത്തി. അതിനിടെ, ഡി മരിയയെ സ്കലോണി തിരിച്ചുവിളിച്ചതും ശ്രദ്ധേയമായി. മറുവശത്ത്, ഹെർണാണ്ടസ്, ഗ്രീസ്മാൻ എന്നിവരെ ദെഷാംപ്സും മടക്കി. അതുവരെയും വിങ്ങിലൂടെ അർജന്റീന നീക്കങ്ങളുടെ ചുക്കാൻ പിടിച്ച ഡി മരിയയെ പിൻവലിച്ച് പ്രതിരോധം ഉറപ്പിക്കാനുള്ള നീക്കങ്ങൾ ശരിക്കും പാളിയെന്നു തോന്നി.
70ാം മിനിറ്റിൽ എംബാപ്പെയുടെ ബുള്ളറ്റ് ഷോട്ട് പുറത്തേക്കു പോയതിനു പിറകെ മെസ്സിയുടെ പാസിൽ അൽവാരസ് അടിച്ചത് നേരെ ലോറിസിന്റെ കൈകളിലെത്തി. ശരിക്കും തളർച്ച ബാധിച്ചവരെ പോലെ പന്തു തട്ടിയ ഫ്രഞ്ചു പടയെ പിടിച്ചുകെട്ടുകയും എതിർഹാഫിലേക്ക് ഇരച്ചുകയറുകയും ചെയ്യുന്ന അർജന്റീന നിരയുടെ കാഴ്ചകൾ ഗാലറിയെ ഓരോ നിമിഷവും ആർപ്പുവിളികളാൽ സമൃദ്ധമാക്കി.
അതിനിടെ, കളിയുടെ ഗതി മാറ്റിമറിച്ച് ഫ്രാൻസ് തിരിച്ചടിച്ചു. അർജന്റീന നേടിയ ഗോളുകൾക്ക് സമാനമായി ആദ്യം പെനാൽറ്റിയിലും പിന്നീട് നേരിട്ടും ഗോളടിച്ച് എംബാപ്പെ ഫ്രാൻസിന്റെ രക്ഷകനായി. ഒന്നിനു പിറകെ ഒന്നായി അതിമാനുഷനെ പോലെ കാലുകൾ കൊണ്ട് അർജന്റീനയുടെ നെഞ്ചകം പിളർത്തിയ താരം നേടിയ ഓരോ ഗോളും സുവർണ മുദ്രയുളളതായിരുന്നു. 80, 81 മിനിറ്റുകളിലായിരുന്നു ഗോളുകൾ.
ഇഞ്ച്വറി സമയത്തേക്കു നീങ്ങിയ കളിയുടെ നാലാം മിനിറ്റിൽ ഫ്രാൻസ് തന്നെ വീണ്ടും ഗോളടിച്ചെന്നു തോന്നി. ഫ്രാൻസ് മുന്നേറ്റത്തിന്റെ മനോഹര ഷോട്ട് മാർടിനെസ് ഏറെ പണിപ്പെട്ടാണ് തടുത്തിട്ടത്. തൊട്ടുപിറകെ, മെസ്സിയടിച്ച ബുള്ളറ്റ് ഷോട്ട് ലോറിസ് കോർണർ വഴങ്ങി അപകടമൊഴിവാക്കി. കാലിലെത്തിയ അവസരങ്ങൾ ഗോളാക്കി ഫ്രാൻസ് മുന്നിൽനിന്ന മത്സരം എക്സ്ട്രാ ടൈമിലേക്ക്.
രണ്ടു ഗോൾ തിരിച്ചടിച്ചതിന്റെ ആവേശം കാലിലേറ്റി ഓടിനടന്ന ഫ്രാൻസിനായിരുന്നു അധിക സമയത്തിന്റെ തുടക്കത്തിൽ മേൽക്കൈ. വിട്ടുകൊടുക്കാതെ അർജന്റീനയും ഓടിനടന്നതോടെ എന്തും സംഭവിക്കാമെന്നായി ലുസൈലിലെ വർത്തമാനം. കളി കൂടുതൽ കടുത്തതോടെ ഇളമുറ താരം അൽവാരസിനെയും ഡി പോളിനെയും പിൻവലിച്ച് പകരം ലോടറോ മാർടിനെസിനെയും പരെഡേസിനെയും കോച്ച് കളത്തിലെത്തിച്ചു. അധിക സമയത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ അർജന്റീന തുറന്ന ഗോളവസരം മെസ്സി അടിച്ചെങ്കിലും പ്രതിരോധ താരത്തിന്റെ ശരീരത്തിൽ തട്ടി മടങ്ങി. റീബൗണ്ടും ഗോളിക്കു മുന്നിൽ ഫ്രഞ്ച് താരം പുറത്തേക്ക് കുത്തിയിട്ടു. തൊട്ടുപിറകെ സമാനമായി ഒരവസരം കൂടി പിറന്നതും ഗോളായില്ല. അതുകഴിഞ്ഞും അതുപോലൊരു സുവർണാവസരം കാലിൽ കിട്ടിയിട്ടും അർജന്റീന ഗോളാക്കാൻ മറന്നു.
മാർടിനെസും പരേഡെസും എത്തിയതോടെ നിയന്ത്രണം കൂടുതൽ കടുപ്പിച്ച അർജന്റീനയുടെ കാലുകളിലായിരുന്നു പിന്നീടും കളിയുടെ നിയന്ത്രണം. ആദ്യം ഗോളിനരികെയെത്തിയത് മെസ്സി. മനോഹരമായ ഷോട്ട് ഗോളി പണിപ്പെട്ട് തട്ടിപുറത്തേക്കിട്ടു.
അതിനു പിറകെയായിരുന്നു വിധി നിർണയിച്ച ഗോൾ. എതിർ പ്രതിരോധവലകൾ കീറിമുറിച്ച് തുടർ ആക്രമണങ്ങളുമായി ലാറ്റിൻ അമേരിക്കൻ പട്ടാളം കയറിയിറങ്ങിയ ഫ്രഞ്ച് വലയിൽ മെസ്സിയുടെ ടച്ചിലായിരുന്നു ഗോളിന്റെ പിറവി. വലക്കുള്ളിൽ കയറിയ പന്ത് പ്രതിരോധ താരം തട്ടിയകറ്റിയെങ്കിലും റഫറി ഗോൾ വിളിച്ചിരുന്നു.
കളി പിന്നെയും മുന്നേറിയ നിമിഷങ്ങൾക്കൊടുവിൽ അടുത്ത ഗോളുമെത്തി. അതുപക്ഷേ, എംബാപ്പെയുടെ വകയായിരുന്നു. സ്വന്തം ബോക്സിൽ പ്രതിരോധ താരത്തിന്റെ കൈകളിൽ തട്ടിയതിന് ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അവസാന മിനിറ്റിൽ എംബാപ്പെ വിങ്ങിൽനിന്ന് നീട്ടിനൽകിയ ക്രോസ് അപകട സാധ്യതയുയർത്തിയെങ്കിലും ഗോളായില്ല. അതിനിടെ, ടാഗ്ലിഫിയാകോയെ പിൻവലിച്ച് സ്കലോണി ഡിബാലയെ കൊണ്ടുവന്നു. കളിയിൽ ഷൂട്ടൗട്ട് അവസാന വിധി നിർണയിക്കുമെന്നുവന്ന ഘട്ടത്തിൽ ഇരു ഗോൾമുഖത്തും സുവർണ മുഹൂർത്തങ്ങൾ പിറന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു
Post a Comment