2023നെ വരവേറ്റുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവർഷാഘോഷം അരങ്ങു തകർക്കുകയാണ്. ആദ്യം 2023 പിറന്നത് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്!. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ സമോവ, ടോംഗ ദ്വീപുകളിലും നവവർഷമെത്തിയിരുന്നു. നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി മാറി.
കേരളത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ആഘോഷം നടക്കുന്നത്. ലഹരി ഉപയോഗം തടയാൻ കർശന നിരീക്ഷണമുണ്ട്. തലസ്ഥാന നഗരിയിലും കൊച്ചിയിലും ഉൾപ്പടെ എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളിൽ പുതുവർഷ ആഘോഷം പൊടിപൊടിക്കുകയാണ്. ഫോർട്ട് കൊച്ചിയിലും ചെറായി ബീച്ചിലും കോവളത്തുമാണ് വൻ ആഘോഷം നടക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സര ആശംസ നേർന്നു. സമത്വവും സൗഹാർദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ പ്രതീക്ഷിക്കാം. ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാർദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം.
കൊവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണമെന്നും കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണം. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി
2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണം. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടത്. പുതുവർഷത്തെ സ്വീകരിക്കുമ്പോൾ ഉപേക്ഷിക്കണമെന്ന് മനസ്സ് നമ്മളോട് പറയുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും നല്ല കാര്യങ്ങൾ സ്വീകരിക്കാനും തയാറാകണം. പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ നേരുന്നു’- വി ഡി സതീശൻ പറഞ്ഞു.
Post a Comment