മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോടിന്റെ കാർഷിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രദർശന വിപണന മേള നാളെ പൂവാറൻതോടിൽ നടക്കും.
മേളയോടനുബന്ധിച്ച് മൂല്യവർധിത കാർഷിക ഉത്പന്നങ്ങളുടെ സ്റ്റാളുകൾ, സെമിനാറുകൾ, വിനോദസഞ്ചാര മേഖലയുടെ പുതിയ സാധ്യതകൾ വിളിച്ചോതുന്ന ട്രക്കിംഗ്, കലാപരിപാടികൾ എന്നിവയും നടക്കും. ഉച്ചയ്ക്ക് ഒന്നിന് ലിന്റോ ജോസഫ് എംഎൽഎ മേളയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സ് പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ പി.പി. ജമീല, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ കെ.എം. മോഹനൻ, ചെയർമാൻ ഡെന്നിസ് ചോക്കാട്ട്, പൂവാറൻതോട് എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു
Post a Comment