മുക്കം: കോഴിക്കോട് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാഷണൽ സർവീസ് സ്കീമിന്റെ സ്റ്റാളിൽ സത്യസന്ധത സ്റ്റോറിലൂടെ വിറ്റ 1920 വിത്ത് പേനകളുടെ പണമായ 19200 രൂപ മുക്കം ഗ്രേസ് പാലിയേറ്റീവിലെ ഭിന്നശേഷിക്കാർക്ക് കൈമാറി. സത്യസന്ധത പ്രചരിപ്പിക്കുക, പ്രകൃതി സംരക്ഷിക്കുക, ഭിന്നശേഷിക്കാർക്ക് താങ്ങാക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് എൻഎസ്എസിന്റെ സ്റ്റാളിൽ കോഴിക്കോട് ജില്ലാ എൻ.എസ്.എസിന് വേണ്ടി , നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ ഹോണസ്റ്റി സ്റ്റോർ നടത്തിയത്. കൂമ്പാറ സ്വദേശിയായ സുബൈറാണ് പ്രത്യേക രീതിയിൽ സ്റ്റോർ രൂപകൽപ്പന ചെയ്തത്. മുക്കം ഗ്രേസ് പാലിയേറ്റീവ് കെയർ യൂണിറ്റിലെ പത്തോളം ഭിന്നശേഷിക്കാർ നിർമ്മിച്ച വിത്ത് പേനകൾ ആണ് കോഴിക്കോട് ജില്ലയിലെ വിവിധ എൻഎസ്എസ് യൂണിറ്റുകളിലെ വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിൽപ്പന നടത്തിയത്. മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീയ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സ്റ്റാൾ സന്ദർശിക്കുകയുണ്ടായി.
നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫണ്ട് കൈമാറ്റ ചടങ്ങ് മുക്കം നഗരസഭ കൗൺസിലർ എം കെ യാസർ ഉദ്ഘാടനം ചെയ്തു. സത്യസന്ധത സ്റ്റോറിലൂടെ നേടിയെടുത്ത പണം എൻഎസ്എസ് കോഴിക്കോട് ജില്ലാ കൺവീനർ എം കെ ഫൈസൽ മുക്കം ഗ്രേസ് പാലിയേറ്റീവ് പ്രസിഡണ്ട് ശരീഫുദ്ധീൻ മാസ്റ്റർക്ക് കൈമാറി.
പിടിഎ പ്രസിഡണ്ട് അബ്ദുൽസലാം മുണ്ടോളി,നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല,.എൻഎസ്എസ് തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ ടി.രതീഷ് , മുൻ പ്രിൻസിപ്പൽ അബ്ദുൽ റഹീം, സീനിയർ അധ്യാപകൻ സി.ശ്രീനാഥ് , പ്രോഗ്രാം ഓഫീസർ സി എ അജാസ്, വളണ്ടിയർ ലീഡർമാരായ ഒ.ടി അശ്വതി, വി.കെ അനന്തു, ബാസിൽ കബീർ അഞ്ജിമ സുജിത്ത്, റംസാൻ എ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു
Post a Comment