Jan 25, 2023

സംസ്ഥാനത്ത് മൃതദേഹങ്ങളിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി,


സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 


പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടർന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. 


കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കില്‍ രോഗം പകരാതിരിക്കാന്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങള്‍ മുറിയ്ക്കുക തുടങ്ങിയവ ചെയ്യുന്നവര്‍ കയ്യുറ, ഫേസ് ഷീല്‍ഡ്/ കണ്ണട, മെഡിക്കല്‍ മാസ്‌ക് എന്നിവ ധരിക്കണം. എന്‍ 95 മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. 


നീളത്തില്‍ കൈയ്യുള്ള വസ്ത്രം ധരിക്കുകയും നടപടി ക്രമങ്ങള്‍ക്ക് ശേഷം ഉടനടി വസ്ത്രം നീക്കം ചെയ്യുകയും സോപ്പുപയോഗിച്ച് കഴുകുകയും ചെയ്യണം. 


ഹൃദ്രോഗം, പ്രമേഹം മുതലായ ഗുരുതര രോഗമുള്ളവരും 60 വയസിന് മുകളിലുള്ളവരും കോവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹവുമായി നേരിട്ട് ഇടപെടരുത്. കോവിഡ് വാക്‌സിനേഷന്റെ മുഴുവന്‍ ഡോസും എടുത്തവര്‍ മൃതദേഹം കൈകാര്യം ചെയ്യുന്നതാണ് നല്ലത്. മൃതദേഹം സൂക്ഷിച്ച സ്ഥലങ്ങള്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. 


മൃതദേഹവുമായി ഇടപെടുന്ന എല്ലാവരും സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കണം. അവര്‍ 14 ദിവസം പനി, ചുമ, തൊണ്ടവേദന, ക്ഷീണം, വയറിളക്കം എന്നിവയുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. വീട്ടില്‍ വച്ച് മരണം സംഭവിച്ചാല്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് അവര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only