താമരശ്ശേരി : സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവകർഷകൻ ട്രാക്റ്റർ സ്വന്തമാക്കി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നു.
കൃഷിയിൽ അതീവ തൽപ്പരനായ, ബാംഗ്ലൂരിലെ സ്വകാര്യ മൾട്ടിനാഷനൽ കമ്പനിയിലെ സോഫ്ററ് വെയർ എഞ്ചിനീയറായ പരപ്പൻപൊയിൽ ചെറുവലത്ത് ശ്രീപത്മം വീട്ടിൽ അജയ് കൃഷ്ണ കഴിഞ്ഞ രണ്ടുവർഷക്കാലമായി കമ്പനി ജോലിക്കൊപ്പം ഗ്രാമത്തിൽ 10 പേർ ചേർന്ന് രൂപീകരിച്ച കതിർ കർഷക കൂട്ടായ്മയിലെ സജീവ അംഗമാണ്.
ചാക്കാത്ത് വയലിൽ രണ്ടേക്കർ തരിശു നിലത്തെ നെൽകൃഷി കൂട്ടായ്മ വിജയപ്രദമായതോടെ നിലമൊരുക്കാൻ ട്രാക്റ്റർ ഏറെ ഉപകാരപ്രദമാണെന്ന തിരിച്ചറിവാണ് ട്രാക്റ്റർ സ്വന്തമാക്കാൻ പ്രേരണ ആയത്.
കേന്ദ്ര സംസ്ഥാന സർകാരുകളുടെ ചെറുകിട യന്ത്രവൽകൃത സബ്ബ്സിഡി പദ്ധതിയിലൂടെയാണ് ഇത് പ്രാവർത്തികമായത്.
റോട്ടേവേറ്റർ ഉപയോഗിച്ച് വയലും , കരയും പൊടിമണ്ണാക്കി നിരപ്പാക്കാനും , കൾട്ടിവേറ്റർ (കലപ്പ ) ഘടിപ്പിച്ച് മണ്ണ് തിരിച്ചും മറിച്ചും ഇടാനുമുള്ള യന്ത്രങ്ങളും ഇതോടൊപ്പം വാങ്ങിച്ചു.
നാട്ടിലെ കർഷക കൂട്ടായ്മയുടെ വയൽ കൃഷിയ്ക്ക് നിലമൊരുക്കുന്നതിനു പുറമെ മിതമായ നിരക്കിൽ മറ്റു കർഷക കൂട്ടായ്മകളുടെയും , സ്വകാര്യ വ്യക്തികളുടെയും കൃഷിയിടങ്ങളിൽ നിലമൊരുക്കിക്കൊടുക്കാനുമാണ് അജയ് ലക്ഷ്യം വെക്കുന്നത്.
പുത്തൻ കൃഷി രീതിയായ കൃത്യത കൃഷി തുടങ്ങാനുള്ള തയ്യാറെടുപ്പിലും ആണ് അജയ്.
കൊയ്ത്തു കഴിഞ്ഞ ചാക്കാത്ത് വയലിൽ ട്രാക്റ്ററിന്റെ കന്നിപ്പൂട്ടിന് സാക്ഷ്യം വഹിക്കാൻ നാട്ടുകാർക്കൊപ്പം കൃഷി ഭവന്റെയും , ഗ്രാമ പഞ്ചായത്തിന്റെയും , പാടശേഖര സമിതിയുടെയും , കതിർ കർഷക കൂട്ടായ്മയുടെയും ഭാരവാഹികൾ സന്നിഹിതരായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ ട്രാക്റ്റർ ഓടിച്ച് കന്നിപ്പൂട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.സി. അബ്ദുൾ അസീസ്, കൃഷി ഓഫീസർ സബീന എം.എം, കൃഷി ഉദ്യോഗസ്ഥരായ അനിൽകുമാർ , വിപിൻ.വി.പി , പാടശേഖര സമിതി അംഗങ്ങളായ ഗിരീഷ് തേവള്ളി, രാധാകൃഷ്ണൻ ചെമ്പ്ര, കതിർ കർഷക കൂട്ടായ്മ ഭാരവാഹികളായ വാസുദേവൻ, പ്രകാശൻ ,കെ.വിശ്വനാഥൻ, ഷാജി പുതിയോട്ടിൽ, മംഗലത്ത് മുഹമ്മത്, സുരേഷ് ചാടിക്കുഴി സംബന്ധിച്ചു.
Post a Comment