Apr 7, 2023

27 സംസ്ഥാനങ്ങളുടെയും 14 രാജ്യങ്ങളുടെയും മരുമകൻ! 32 വർഷത്തിനുള്ളിൽ 100 വിവാഹം, യുവാവിന്റെ കഥ ഇങ്ങനെ


ഗിന്നസ് വേൾഡ് റെക്കോർഡിനെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. ലോകമെമ്പാടുമുള്ള ആളുകൾ നേടിയ വിവിധ റെക്കോർഡുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. പലരും ഈ റെക്കോർഡുകൾ കീഴ്‌പ്പെടുത്താനായുള്ള ശ്രമത്തിലാണ്. നീളമുള്ള നഖത്തിനും താടിയ്ക്കുമൊക്കെ ഗിന്നസ് റെക്കോർഡ് നേടിയവരെ നമുക്ക് അറിയാം. അതിൽ നിന്നെല്ലാം വ്യത്യസ്തമായുള്ളൊരു റെക്കോർഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

      
ഏറ്റവും കൂടുതൽ വിവാഹങ്ങൾ കഴിച്ച് ഗിന്നസ് റെക്കോർഡിൽ റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു യുവാവ്. ഇതിനോടകം നൂറിലധികം സ്ത്രീകളെ യുവാവ് വിവാഹം കഴിച്ചു. 1949 നും 1981 നും ഇടയിലാണ് ഈ വിവാഹങ്ങൾ നടന്നത്. ആശ്ചര്യകരമായ കാര്യം  എന്താണെന്ന് വെച്ചാൽ ആരേയും ഇതുവരെ വിവാഹ മോചനം ചെയ്തിട്ടില്ലെന്നതാണ്. ഇക്കാരണത്താൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഭാര്യാഭർത്താക്കൻ എന്ന പദവി അദ്ദേഹം സ്വന്തമാക്കി. 

ഇതിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കഥാനായകൻ പല പേരുകളിലാണ് അറിയപ്പെടുന്നത്.  ജിയോവാനി വിഗ്ലിയോട്ടോ എന്നാണ് അദ്ദേഹത്തിന്റെ പേരെന്നാണ് ഗിന്നസ് റെക്കോർഡിൽ കുറിച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ജിയോവാനി വിഗ്ലിയോട്ടോ എന്നല്ല, എന്നാൽ അവസാനത്തെ ഭാര്യയെ വിവാഹം കഴിച്ചപ്പോഴും ഇതേ പേര് ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.

1929 ഏപ്രിൽ 3 ന് ഇറ്റലിയിലെ സിസിലിയിലാണ് താൻ ജനിച്ചതെന്ന് അദ്ദേഹം പറയുന്നു. അപ്പോൾ അദ്ദേഹത്തിന്റെ പേര് നിക്കോളായ് പെറുസ്‌കോവ് എന്നായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഫ്രെഡ് സിപ്പ് ആണെന്നും 1936 ഏപ്രിൽ 3 ന് ന്യൂയോർക്കിൽ ജനിച്ചെന്നും ഒരു പ്രോസിക്യൂട്ടർ പിന്നീട് വെളിപ്പെടുത്തി. 

വിഗ്ലിയോട്ടോ 1949 നും 1981 നും ഇടയിൽ 104-105 സ്ത്രീകളെ വിവാഹം കഴിച്ചു. അവന്റെ ഭാര്യമാർക്കൊന്നും പരസ്പരം അറിയില്ലായിരുന്നു. വിഗ്ലിയോട്ടോയെക്കുറിച്ച് പോലും അവർക്ക് വളരെ കുറച്ച് മാത്രമേ അറിയൂ. അമേരിക്കയിലെ 27 വ്യത്യസ്ത സംസ്ഥാനങ്ങളിലും മറ്റ് 14 രാജ്യങ്ങളിലും അദ്ദേഹം വിവാഹങ്ങൾ നടത്തിയതായി പറയപ്പെടുന്നു. ഓരോ തവണയും വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഇയാൾ ഇത് ചെയ്യുന്നത്. 

ഇന്നുവരെ, 'ജിയോവാനി വിഗ്ലിയോട്ടോ'-യുടെ യഥാർത്ഥ പേരിനെക്കുറിച്ച് ആർക്കും ഉറപ്പില്ല. വിവാഹശേഷം ഭാര്യയുടെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി ഇയാൾ ഒളിച്ചോടും. ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ വെബ്സൈറ്റ് അനുസരിച്ച്, ഞാൻ വളരെ ദൂരെയാണ് താമസിക്കുന്നതെന്നും അതിനാൽ നിങ്ങളുടെ എല്ലാ സാധനങ്ങളുമായി എന്റെ അടുക്കൽ വരൂ എന്നും അദ്ദേഹം സ്ത്രീകളോട് പറയാറുണ്ടായിരുന്നു. 

ഈ സാധനങ്ങളും അദ്ദേഹം മോഷ്ടിച്ച് കടക്കും. മോഷ്ടിച്ച സാധനങ്ങളെല്ലാം ചന്തയിൽ വിൽക്കുകയായിരുന്നു പതിവ്. ഇവിടെ നിന്നാണ് ഇയാൾ മറ്റ് സ്ത്രീകളെ വേട്ടയാടുന്നത്. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നിട്ടും ഇയാൾ രക്ഷപ്പെടുകയായിരുന്നു. എന്നിരുന്നാലും, അവന്റെ അവസാന ഇരയായിത്തീർന്ന സ്ത്രീ അവനെ പിടികൂടിയത് യുഎസിലെ ഫ്‌ലോറിഡയിലാണ്. ഷാരോൺ ക്ലാർക്ക് എന്നായിരുന്നു ഈ സ്ത്രീയുടെ പേര്. 

ഷാരോൺ ഇന്ത്യാനയിലെ മാർക്കറ്റിൽ മാനേജരായി ജോലി ചെയ്തിരുന്നു. ഷാരോണിന്റെ പദ്ധതിയിലൂടെ 1981 ഡിസംബർ 28 ന് വിഗ്ലിയോട്ടോയെ പിടികൂടി. ഇതിനുശേഷം, 1983 ജനുവരിയിൽ അദ്ദേഹത്തിനെതിരെ വിചാരണ ആരംഭിച്ചു. ആകെ 34 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഇതിൽ വഞ്ചനയ്ക്ക് 28 വർഷവും ഒന്നിലധികം വിവാഹം കഴിച്ചതിന് ആറ് വർഷവുമാണ് ശിക്ഷ. ഇതോടൊപ്പം 336,000 ഡോളർ പിഴയും ചുമത്തി. 

തന്റെ ജീവിതത്തിന്റെ അവസാന 8 വർഷം അദ്ദേഹം അരിസോണ സ്റ്റേറ്റ് ജയിലിൽ ചെലവഴിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് 1991-ൽ 61-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.@

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only