വിശുദ്ധ റംസാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ലൈലത്തുല്‍ ഖദ്‌ര്‍ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവ് ഇന്ന്.
അല്ലാഹുവിന്‍റെ അനുഗ്രഹമായാണ് ലൈലത്തുൽ ഖദ്ർ മുസ്‌ലിങ്ങള്‍ കണക്കാക്കുന്നത്. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ആയിരം മാസം സത്‌കര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് റമദാനിലെ ഇരുപത്തിയേഴാം രാവ്.
ആദ്യത്തെ രണ്ട് പത്ത് ദിനങ്ങളിലെ വ്രതത്തിലൂടെ അല്ലാഹുവിന്‍റെ കാരുണ്യവും പാപമോചനവും നേടി അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിന്‍റെ പ്രാര്‍ത്ഥനയിലൂടെ വിശ്വാസിക്ക് നരകമോചനം പ്രതീക്ഷിക്കാം.
പതിവിലേറെ തയാറെടുപ്പുകളാണ് ഇരുപത്തിയേഴാം രാവില്‍ പള്ളികളില്‍ നടത്തിയിട്ടുള്ളത്. നോമ്പ് തുറ മുതല്‍ ഇടയത്താഴം വരെ വിശ്വാസികള്‍ക്കായി പള്ളികളില്‍ ഒരുക്കുന്നുണ്ട്. സാധാരണയുള്ള തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് പുറമെ തസ്ബീഹ് നിസ്‌കാരം, തഹജ്ജുദ് എന്നിവയും നിര്‍വഹിക്കപ്പെടും.
ഖുര്‍ആന്‍ പാരായണം, ദികറ്, ദുആ, സ്വലാത്ത് മജ്‌ലിസുകള്‍, ബുര്‍ദ മജ്‌ലിസ് തുടങ്ങി വൈവിധ്യമായ ആരാധനകളും പ്രാര്‍ഥനകളും കൊണ്ട് ഇരുപത്തിയേഴാം രാവിനെ ധന്യമാക്കുന്ന വിശ്വാസികള്‍ കഴിഞ്ഞ കാലത്തെ തെറ്റു കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് സ്രഷ്ടാവിനോട് മാപ്പിരക്കുന്നു.
ദാനധര്‍മങ്ങള്‍ക്ക് ഏറെ പുണ്യം ലഭിക്കുന്ന ഈ രാവില്‍ സമ്പന്നരും പാവപ്പെട്ടവരുമെല്ലാം തങ്ങളുടെ കഴിവനനൂസരിച്ച് ദാനം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
Post a Comment