തിരുവമ്പാടി : വേനൽ കടുത്തതോടെ മലയോര മേഖലയിൽ വരച്ച രൂക്ഷമായി. വേനൽ മഴയുടെ അഭാവമാണ് ഈ വർഷം വരൾച്ച രൂക്ഷമാകാൻ കാരണം.
മുൻ വർഷങ്ങളിൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലത്തു ധാരാളം വേനൽ മഴ ലഭിച്ചിരുന്നു.
എന്നാൽ ഈ വർഷം മലയോര മേഖലയിൽ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് വേനൽമഴ പെയ്തത്. ജലസ്രോതസ്സുകൾ വറ്റിയതാണ് പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം ആക്കിയത്.
ഭൂമി ഉണങ്ങി വരണ്ടതോടെ കാർഷിക മേഖല വലിയ വെല്ലുവിളി നേരിടുകയാണ്.
വരൾച്ചയിൽ വാഴത്തോട്ടം നശിച്ചതാണു കർഷകർക്ക് ഏറെ തിരിച്ചടിയായത്. മലയോര മേഖലയിലെ കർഷകരുടെ വേനൽക്കാലത്തെ പ്രധാന വരുമാനം വാഴക്കൃഷിയാണ്. പലരും ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് വാഴക്കൃഷി നടത്തുന്നത്. എന്നാൽ വേനൽ കടുത്തതോടെ പല വാഴത്തോട്ടങ്ങളും വരണ്ടുണങ്ങിയ അവസ്ഥയിലാണ്. കുലച്ച വാഴകൾ ഒടിഞ്ഞു വീണതോടെ വൻ നഷ്ടമാണ് കൃഷിക്കാർക്ക് ഉണ്ടായത്.
റമസാൻ വിഷു വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത നേന്ത്രവാഴകളാണ് ഒടിഞ്ഞു വീഴുന്നത്. നേന്ത്രവാഴ ഉൾപ്പെടെയുള്ള പഴങ്ങൾക്ക് അത്യാവശ്യം വിലയുള്ള സന്ദർഭത്തിലാണ് വരൾച്ച. ജാതി കൃഷിയും വരൾച്ചയിൽ ഉണങ്ങുന്ന അവസ്ഥയാണ്. കായ്ഫലമുള്ള ജാതി മരങ്ങൾ മലയോര മേഖലയിൽ പലയിടത്തും ഉണങ്ങി നിൽക്കുന്ന കാഴ്ച കാണാം. വേനൽ കടുത്തതോടെ റബർ ടാപ്പിങ് നിലച്ചു.
കമുകും വാഴയും ജാതിയും വരൾച്ചയിൽ നശിക്കുമ്പോൾ കർഷകരുടെ പ്രതീക്ഷകളാണ് കരിഞ്ഞുണങ്ങുന്നത്.
വരൾച്ച ബാധിത മേഖലയായി ജില്ലയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരവും ലഭിക്കില്ല.
വേനൽ കടുത്തതോടെ മലയോരത്തെ പല മേഖലകളിലും കുടിവെള്ളം ഇല്ലാതെയായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചില സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇത് ജനങ്ങളുടെ ആവശ്യത്തിനു പര്യാപ്തമല്ല.
ഓളിക്കൽ, തുമ്പക്കോട്ടുമല, ചമ്രതായിപാറ, പാലക്കടവ്, ഭഗവതിത്തോട്ടം, ചാലിത്തൊടിക, തൊണ്ടിമ്മൽ പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്.…
Post a Comment