കോടഞ്ചേരി :പൊള്ളുന്ന ചൂടില്‍നിന്നും കാടിന്റെ ശീതളച്ഛായ തേടി സഞ്ചാരികള്‍ സകുടുംബം എത്തിയപ്പോള്‍ കോഴിക്കോട് കോടഞ്ചേരിയിലെ തുഷാരഗിരി തിരക്കില്‍ വീര്‍പ്പുമുട്ടി. ഞായറാഴ്ച മാത്രം ഇവിടെ എത്തിയത് 2900 പേര്‍. പ്രവേശനഫീസനത്തില്‍ മാത്രം ലഭിച്ചത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ.
ഫെസിലിറ്റേഷന്‍ സെന്ററിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് നിറഞ്ഞ്, വാഹനങ്ങള്‍ ഒരു കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്തു. ഇത് അല്പനേരം ഗതാഗതക്കുരുക്കിനിടയാക്കി. പെരുന്നാളിന്റെ അവധിദിനങ്ങള്‍ മുന്നില്‍ക്കണ്ട് കച്ചവടക്കാര്‍ കൂടുതല്‍ സാധനങ്ങള്‍ കരുതിയെങ്കിലും ഹോട്ടലുകള്‍ ഉള്‍പ്പെടെ തിരക്കില്‍ കാലിയായി. കാനനയാത്ര മൂന്നുമണിക്ക് അവസാനിപ്പിച്ചു.
ചാലിപ്പുഴ വറ്റിയതോടെ വെള്ളച്ചാട്ടങ്ങള്‍ നിലച്ചെങ്കിലും സഞ്ചാരികള്‍ കുറയുന്നില്ല. ഒന്നാം വെള്ളച്ചാട്ടത്തിന് താഴെ പ്രകൃതിയൊരുക്കിയ തടാകത്തില്‍ മുങ്ങിക്കുളിക്കാന്‍ സഞ്ചാരികളുടെ തിരക്കായിരുന്നു. അവധിദിനങ്ങളില്‍ തുഷാരഗിരിയില്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടത്ര ഗൈഡുകളും ജീവനക്കാരും ഇവിടെയില്ല. വനസംരക്ഷണ സമിതിയുടെ കീഴിലുള്ള 15 പേര്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിക്കുമ്പോള്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിങ് ഏരിയ എന്നിവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ജീവനക്കാരുടെ കുറവുണ്ടായി.
Post a Comment