May 8, 2023

ഇല്ലാതായത് ഒരുകുടുംബത്തിലെ 12 പേര്‍, 3 സഹോദരങ്ങളുടെ ഭാര്യമാരും ഒമ്പത് മക്കളും; അന്ത്യയാത്രയും ഒരുമിച്ച്; എല്ലാവര്‍ക്കുമായി ഒറ്റ ഖബര്‍


മലപ്പുറം:

താനൂര്‍ ബോട്ട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഒരുകുടുംബത്തിലെ 12 പേരെ മറവുചെയ്യുക ഒറ്റ ഖബറില്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 12 പേരെയാണ് ഒരേ ഖബറില്‍ അടക്കം ചെയ്യുക.

പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുവായ ജാബിറിന്റെ ഭാര്യ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍. മരിച്ചവരില്‍ ഒമ്പതുപേര്‍ ഒരു വീട്ടിലും മൂന്നുപേര്‍ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേര്‍ ഒരുമിച്ചാണ് അവധി ദിനം ചെലവഴിക്കാന്‍ തൂവല്‍തീരത്തെത്തിയത്.

ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പെരുന്നാള്‍ അവധിക്ക് ഒത്തു ചേര്‍ന്ന് സന്തോഷത്തിന്റെ നാളുകള്‍ ഒടുവില്‍ കണ്ണീര്‍ക്കയത്തില്‍ പര്യവസാനിക്കുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിയതല്ല.

പെരുന്നാള്‍ അവധിയില്‍ എല്ലാവരും ഒത്തുചേര്‍ന്നതായിരുന്നു ആ കുഞ്ഞു വീട്ടില്‍. കുടുംബനാഥന്‍ കുന്നുമ്മല്‍ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടില്‍ ഒത്തു ചേര്‍ന്നത്. ഞായറാഴ്ച അവധി ദിവസമായതു കൊണ്ട് തന്നെ കുട്ടികളുടെ നിര്‍ബന്ധപ്രകാരമാണ് തൂവല്‍ത്തീരം സഞ്ചരിക്കാന്‍ തീരുമാനിക്കുന്നത്.

മടങ്ങിപ്പോകുന്നതിന് മുമ്പ് എല്ലാവരും ഒത്തു ചേരണം, സന്തോഷം പങ്കുവെക്കണം. കുട്ടികളുടെ ആഗ്രഹത്തിന് മുമ്പില്‍ സൈതലവിയ്ക്ക് മറുത്തൊന്നും പറയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ സൈതലവി കുട്ടികളോടും ഭാര്യയോടും സഹോദരങ്ങളുടെ ഭാര്യമാരോടും നിര്‍ബന്ധപൂര്‍വ്വം പറഞ്ഞിരുന്നു, ഒരു കാരണവശാലും ബോട്ടില്‍ കയറരുത് എന്ന്. സൈതലവി തന്നെയായിരുന്നു ഇവരെ എല്ലാവരേയും കെട്ടുങ്ങലില്‍ എത്തിച്ചത്.

എന്നാല്‍ തിരിച്ച് വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞ ശേഷം സൈതലവി ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അപ്പുറത്ത് നിന്ന് നിലവിളികളായിരുന്നു, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ നിലവിളിയോടെ അറിയിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കാനെ സൈതലവിക്കായുള്ളൂ. പിന്നിട് അവിടെ കണ്ട ആളുകളേയും കൂട്ടി നിമിഷനേരം കൊണ്ട് സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഓടിച്ചെന്ന് എത്തിയപ്പോഴേക്കും സൈതലവി കാണുന്ന കാഴ്ച, ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന മകളുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തേക്കെടുക്കുന്നതായിരുന്നു. കണ്ടു നില്‍ക്കുന്നവരെ ആകെ കണ്ണീരിലാഴ്ത്തുന്ന രംഗമായിരുന്നു അത്.

തീരത്തു നിന്ന് കാഴ്ചയില്‍ ദൂരത്തായിരുന്നു ബോട്ട് എന്നതുകൊണ്ടും രാത്രിയായിരുന്നു എന്നതിനാലും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി. ചെറുബോട്ടുകളിലായെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് തന്നെ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only