വയനാട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ യുവാക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വകുപ്പുതല നടപടി. ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി എക്സൈസ് കമ്മീഷ്ണർ സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെയും എക്‌സൈസ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ലഹരി മരുന്ന് കേസിൽ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടിയിലായ രണ്ട് യുവാക്കളെ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ വിട്ടയച്ചെന്നാണ് ആരോപണം. തൊട്ടടുത്തുള്ള പൊലീസ് ചെക്പോസ്റ്റിൽ പിടിയിലായപ്പോൾ പ്രതികൾ തന്നെയാണ് ഇക്കാര്യം ഉന്നയിച്ചത്. പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് തല അന്വേഷണം നടത്തുകയാണ്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അബൂബക്കർ സിദ്ദീഖിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ സുധീഷ് എന്നിവർക്കെതിരെയാണ് എക്സൈസ് കമ്മീഷ്ണറുടെ നടപടി. അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കർണാടകയിൽ നിന്ന് വരികയായിരുന്ന മുനീർ, മുഹമ്മദ് ഷഹീർ എന്നിവരെ കഞ്ചാവ് ബീഡി കൈവശം വച്ചതിന് മുത്തങ്ങ ചെക്പോസ്റ്റിൽ പൊലീസ് പിടികൂടിയത്. മുത്തങ്ങയിലെ തന്നെ എക്സൈസിന്റെ ചെക്പോസ്റ്റ് കടന്നായിരുന്നു യുവാക്കൾ എത്തിയത്.
Post a Comment