മുക്കം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മലബാറിനോട് കാണിക്കുന്ന ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചരണജാഥ ചുള്ളിക്കാപറമ്പില്‍ സമാപിച്ചു.
എസ്.എസ്.എല്‍.സി വിജയിച്ച ആയിരത്തോളം വിദ്യാര്‍ഥികളുള്ള കൊടിയത്തൂര്‍ പഞ്ചായത്തില്‍ 360 പേര്‍ക്ക് മാത്രമേ പ്ലസ്ടു പഠനത്തിനുള്ള സീറ്റുകളുള്ളൂ. അറുനൂറോളം വിദ്യാര്‍ഥികള്‍ പടിക്കുപുറത്തായിരിക്കുകയാണ്. ഗവ. എച്ച്.എസ്.എസ് ചെറുവാടി, പി.ടി.എം.എച്ച്.എസ് കൊടിയത്തൂര്‍, സെന്റ് തോമസ് തോട്ടുമുക്കം എന്നീ മൂന്ന് സ്‌കൂളുകള്‍ക്കും ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് എം.പി ജാഫര്‍ ആവശ്യപ്പെട്ടു. മലബാറിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് നയിച്ച വാഹന പ്രചരണ ജാഥ തോട്ടുമുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍പഠനത്തിന് പുതിയ ബാച്ചുകള്‍ അനുവദിച്ച് നാട്ടില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജാഥ പള്ളിത്താഴെ, ഗോതമ്പറോഡ്, എരഞ്ഞിമാവ്, കാരക്കുറ്റി, കൊടിയത്തൂര്‍, സൗത്ത് കൊടിയത്തൂര്‍, വെസ്റ്റ് കൊടിയത്തൂര്‍ സ്വീകരണകേന്ദ്രങ്ങളിലൂടെ ചുള്ളിക്കാപറമ്പില്‍ സമാപിച്ചു. പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ആവശ്യമായ ബാച്ചുകളനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയിലേക്കുള്ള ഒപ്പുശേഖരണം നടത്തി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, മുക്കം നഗരസഭ കൗണ്‍സിലര്‍ സാറ കൂടാരം, കെ.ടി ഹമീദ്, നൂറുദ്ദീന്‍ തേക്കുംകുറ്റി, ഇ.എന്‍ നദീറ, ജ്യോതി ബസു കാരക്കുറ്റി, റഫീഖ് കുറ്റ്യോട്ട് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. കണ്‍വീനര്‍ ഇ.എന്‍ യൂസുഫ്, സാലിം ജീറോഡ്, കെ.സി യൂസുഫ്, എം.വി മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ.
മലബാറിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് നയിക്കുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം തോട്ടുമുക്കത്ത് മണ്ഡലം വൈസ് പ്രസിഡന്റ് എം.പി ജാഫര്‍ നിര്‍വഹിക്കുന്നു.
Post a Comment