കാരശ്ശേരി .
വായന വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ ആരംഭിച്ച 'വായന മരം' പദ്ധതിയിലേക്കാണ് കാനഡയിൽ നിന്നും പുസ്തകങ്ങൾ സമ്മാനിച്ചത്.
പദ്ധതിയുടെ വിജയത്തിന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ആവശ്യമാണെന്ന സോഷ്യൽ മീഡിയയിലെ സന്ദേശം കണ്ടാണ് കാനഡയിലെ പ്രവാസി പുസ്തകങ്ങൾ നൽകാൻ സന്നദ്ധത അറിയിച്ചത്.
കാനഡ ഒന്റാറിയോ ചൈൽഡ് ആന്റ് അഡോളസൻസ് സൈക്യാട്രി സർവ്വീസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ സുബൈദ മണത്തലാണ് കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എയുപി സ്കൂൾ ലൈബ്രറിയിലേക്ക് ആകർഷകമായ ബാലപ്രസിദ്ധീകരണങ്ങൾ സമ്മാനിച്ചത്.
വായന മരം പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചു കഴിഞ്ഞു. ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കുകയും വായിച്ച് കഴിഞ്ഞ് കുറിപ്പെഴുതി ക്ലാസിൽ അവതരിപ്പിക്കുകയും ക്ലാസിൽ തയാറാക്കിയ വായന മരത്തിൽ പേരെഴുതിച്ചേർക്കുകയും വേണം. വർഷാവസാനം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നവർക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മുസ്തഫ കാരശ്ശേരിയുടെ സഹകരണത്തോടെയാണ് പുസ്തകങ്ങൾ ലഭ്യമായത്.
കൊറോണക്കാലത്ത് സ്കൂളിൽ നടത്തിയിരുന്ന ലോക രാജ്യങ്ങളിലേക്കുള്ള വിർച്ച്വൽ ടൂറിൽ കാനഡ ടൂറിന് നേതൃത്വം കൊടുത്തത് സുബൈദ മണത്തല യായിരുന്നു.
മുസ്തഫ കാരശ്ശേരി പുസ്തകങ്ങൾ വിദ്യാർത്ഥി പ്രതിനിധി നുഹ ഫാത്തിമക്ക് കൈമാറി. ഹെഡ്മാസ്റ്റർ കെ.അബ്ദുറസാഖ്, പി ടി എ പ്രസിഡണ്ട് പി.രജീഷ്, സാബിറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment