Jun 2, 2023

ഭിക്ഷ എടുക്കാൻ സമ്മതിച്ചില്ല, വിരോധം മൂത്ത് തീയിട്ടു; കണ്ണൂർ ട്രെയിൻ തീവെപ്പിൽ ബംഗാൾ സ്വദേശിയുടെ മൊഴി


കണ്ണൂർ : കണ്ണൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടൻ. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം. 

കസ്റ്റഡിയിലുള്ളയാൾ തീവെപ്പിന് തൊട്ട് മുൻപ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎൽ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പ്രദേശത്തെ കൂടുതൽ സിസിടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. 



അതേ സമയം എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതിൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്ടെ ഫലം കൂടി ലഭിച്ചാൽ മാത്രമാകും കൂടുതൽ നടപടി ഉണ്ടാകുക. 

കസ്റ്റഡിയിലുള്ളയാൾ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. സംഭവത്തില്‍ അന്ന് റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ട്രെയിന്‍ തീവെപ്പടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് വഴി വെക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.



കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. സംഭവം അപ്പോള്‍ തന്നെ ലോക്കല്‍ പൊലീസിനെ അറിയിച്ചിരുന്നതായി കണ്ണൂര്‍ റെയിൽ സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു. പക്ഷേ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാകാമെന്ന് പറഞ്ഞ് പോലീസ് അന്ന്  നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. എലത്തൂര്‍ തീവെപ്പ് കേസില്‍ കണ്ണൂര്‍ റയില്‍ വേ സ്റ്റേഷനിലടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഔട്ടര്‍ ട്രാക്കിനോട് ചേര്‍ന്ന സ്ഥലം കാടു കയറി കിടക്കുകയാണ്. രാത്രിയായാൽ ഈ പ്രദേശത്ത് ലഹരി മാഫിയയും തമ്പടിക്കുന്നതായി പരാതിയുണ്ട്. സുരക്ഷാ  മതിലുകളില്ലാത്തതിനാല്‍ ആര്‍ക്കും ഈ വഴി റയില്‍വേ സ്റ്റേഷന്‍റെ അകത്തേക്ക് കടക്കാമെന്ന അവസ്ഥയാണുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only