മുക്കം; ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നതോടെ കച്ചവടം കുത്തനെ കുറഞ്ഞു. കോഴിയിറച്ചിക്ക് കിലോഗ്രാമിന് 260 രൂപ വരെയാണ് വില. ഒരു മാസമായി വില ഉയർന്ന് തന്നെയാണ്. ആവശ്യത്തിന് കോഴി ഇല്ലാത്തതിനാൽ വില കൂടുകയാണെന്നാണ് പറയുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കോഴി വരവ് കുറഞ്ഞു. വില കുത്തനെ ഉയർന്നതോടെ കച്ചവടം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.
പല കച്ചവട സ്ഥാപനങ്ങളിലും 100 കിലോക്ക് മുകളിൽ സാധാരണരീതിയിൽ വിൽപന നടന്നിരുന്നു. ഇപ്പോൾ നാലിൽ ഒന്നായി കുറഞ്ഞു. വില നിയന്ത്രണത്തിന് സർക്കാർ നടപടിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
വിൽപന കുറഞ്ഞതോടെ ചെറുകിട കോഴിക്കട നടത്തുന്നവർ പ്രതിസന്ധിയിലാണ്. മൊത്ത വ്യാപാരികൾക്ക് വിലവർധന ലാഭകരമാണെങ്കിലും വില താങ്ങാനാകുന്നില്ലെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. കോഴി ഇറച്ചിയാക്കി നൽകുമ്പോൾ തൊഴിൽകൂലി കഴിഞ്ഞ് 20 രൂപയിൽ താഴെ മാത്രമേ മാർജിൻ കിട്ടുവെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. പ്രാദേശികമായുള്ള കോഴി ഫാമുകളിലും ഉൽപാദനം കുറഞ്ഞിട്ടുണ്ട്.
Post a Comment