ആലപ്പുഴ: നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. ക്ലബിന്‍റെ തുടർച്ചയായ നാലാം കിരീടവും വീയപുരത്തിന്‍റെ കന്നി കിരീടവുമാണിത്.
അത്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ വീയപുരം ചുണ്ടൻ, യു.ബി.സി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ, കെ.ടി.ബി.സി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ ചുണ്ടൻ എന്നിവയാണ് മാറ്റുരച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച നാലു വള്ളങ്ങളായിരുന്നു ഇവ. അഞ്ച് ഹീറ്റ്സുകളായി നടന്ന മൽസരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനായിരുന്നു (4.18.80).
ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം. നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും കാട്ടിൽ തെക്കെതിൽ ചുണ്ടൻ നാലാം സ്ഥാനവും നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് ട്രോഫി ഏറ്റുവാങ്ങി. അതിനിടെ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്ടർ ഇറാക്കാൻ സാധിക്കാത്തതിനാൽ വള്ളംകളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളം കളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്.
19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്തത്. അഞ്ച് ഹീറ്റ്സുകളിൽ ഏറ്റവും മികച്ച വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. ഹൈകോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, ജനപ്രതിനിധികൾ അടക്കം വള്ളംകളി കാണാനെത്തിയിരുന്നു.
Post a Comment