മലപ്പുറം: തുവ്വൂരില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് കാണാതായ സുജിതയുടെ മൃതദേഹം തന്നെയെന്ന് പ്രതി വിഷ്ണുവിന്റെ മൊഴി. സുജിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കെട്ടിത്തൂക്കി. തുടര്‍ന്നാണ് സഹോദരങ്ങളുടെയും അച്ഛന്റെയും സുഹൃത്തിന്റെയും സഹായത്തോടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
സുഹൃത്തായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി തന്നെ പ്രതി കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്ത് ഓഫീസിന് ഇരുന്നൂറുമീറ്ററോളം അടുത്താണ് വിഷ്ണുവിന്റെ വീട്. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതി വീടിനുള്ളില്‍വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കെട്ടിത്തൂക്കി. ഇതിനുശേഷമാണ് മൃതദേഹം രഹസ്യമായി മറവുചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി വീട്ടുമുറ്റത്ത് തന്നെ കുഴിയെടുത്തു. മൃതദേഹം കുഴിച്ചിടാനായി വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരും സഹായിച്ചതായാണ് വിവരം. ഇവരും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
സുജിതയുടെ മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ മെറ്റല്‍ നിരത്തിയാണ് പ്രതികള്‍ സംഭവം ഒളിപ്പിക്കാന്‍ ശ്രമിച്ചത്. മെറ്റല്‍നിരത്തിയ ശേഷം അതിന് മുകളിലായി കോഴിക്കൂടും സ്ഥാപിച്ചിരുന്നു. എന്തിനാണ് മെറ്റല്‍ ഇറക്കിയതെന്ന് ചോദിച്ചപ്പോള്‍ ആ ഭാഗത്ത് അലക്കുക്കല്ല് സ്ഥാപിക്കാനാണെന്നായിരുന്നു വിഷ്ണു നേരത്തെ നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവ്, ഫെയ്‌സ്ബുക്ക് പോസ്റ്റുകളും...
ഓഗസ്റ്റ് 11-ന് സുജിതയെ കാണാതായത് മുതല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ വിഷ്ണു തിരച്ചിലിന് മുന്‍നിരയിലുണ്ടായിരുന്നു. സുജിതയെ കാണാനില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റും ഇയാള്‍ പങ്കുവെച്ചിരുന്നു. ഓഗസ്റ്റ് 11-ാം തീയതിയായിരുന്നു ഇത്തരത്തിലുള്ള ആദ്യ പോസ്റ്റ്. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. പിന്നീട് കരുവാരക്കുണ്ട് പോലീസ് പങ്കുവെച്ച പോസ്റ്റും വിഷ്ണു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
സുജിതയെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ കാണാനും നാട്ടുകാരെ സംഘടിപ്പിക്കാനും വിഷ്ണു മുന്‍നിരയിലുണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. സുജിതയെ കാണാനില്ലെന്ന വാര്‍ത്ത നല്‍കണമെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകരോടും ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
നിര്‍ണായകമായത് മൊബൈല്‍ഫോണ്‍ വിവരങ്ങള്‍, പോലീസ് നിരീക്ഷണം...
സുജിതയെ കൊലപ്പെടുത്തിയശേഷവും പൊതുരംഗത്ത് സജീവമായിരുന്ന വിഷ്ണുവില്‍ യാതൊരുവിധ പതര്‍ച്ചയും കണ്ടില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. സേതുരാമയ്യര്‍ സി.ബി.ഐ. എന്ന സിനിമയില്‍ 'ടെയ്‌ലര്‍ മണി' എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു വിഷ്ണുവിന്റെ ഇടപെടലുകള്‍. ഇതിനിടെ, സുജിത മറ്റൊരാള്‍ക്കൊപ്പം പോയെന്നരീതിയിലുള്ള കഥകള്‍ പ്രചരിപ്പിക്കാനും പ്രതി ശ്രമിച്ചതായും നാട്ടുകാര്‍ പറയുന്നു.
സുജിതയുടെ തിരോധാനത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം നിര്‍ണായകമായെന്നാണ് സൂചന. കാണാതായ സുജിതയുടെ ഫോണില്‍നിന്ന് അവസാനം വിളിച്ച നമ്പര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ വിഷ്ണുവിന്റേതായിരുന്നു. മാത്രമല്ല, വിഷ്ണുവിന്റെ വീടിന് പരിസരത്തുവെച്ചാണ് സുജിതയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയതെന്നും പോലീസ് കണ്ടെത്തി. ഇതോടെ വിഷ്ണു പോലീസിന്റെ നിരീക്ഷണത്തിലായിരുന്നതായാണ് വിവരം. ഇയാളില്‍നിന്ന് പലതവണ പോലീസ് വിവരങ്ങളും ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതോടെയാണ് വിഷ്ണുവിന്റെ വീട്ടിലാണ് യുവതിയെ കൊന്ന് കുഴിച്ചിട്ടിരിക്കുന്നതെന്ന് പുറംലോകമറിഞ്ഞത്.
ഞെട്ടലില്‍ നാട്ടുകാര്‍, പഞ്ചായത്തിലെ ജോലി വിട്ടത് ദിവസങ്ങള്‍ക്ക് മുമ്പ്...
യൂത്ത് കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ വിഷ്ണുവാണ് യുവതിയെ അതിദാരുണമായി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടതെന്ന വാര്‍ത്ത കേട്ട ഞെട്ടലിലായിരുന്നു നാട്ടുകാര്‍. പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണു 20 ദിവസം മുമ്പാണ് ജോലിയില്‍നിന്ന് രാജിവെച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലിലഭിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ പഞ്ചായത്തിലെ ജോലിവിട്ടതെന്നും നാട്ടുകാരില്‍ ചിലര്‍ പ്രതികരിച്ചു.
Post a Comment