തൃശൂർ: ഓണത്തിന് അനധികൃതമായി വിൽക്കാൻ കൊണ്ടുവന്ന വിദേശ മദ്യം പിടികൂടി. തൃശൂർ ഓണത്തിനോടനുബന്ധിച്ചു നടത്തിയ വാഹന പരിശോധനയിൽ മാഹിയിൽ നിന്നും ആഡംബര കാറിൽ കടത്തികൊണ്ടുവന്ന 375 കുപ്പി വിലകൂടിയ വിദേശ മദ്യമാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് ഗോവിന്ദാപുരം ഇമ്പിച്ചമ്മു വീട്ടിൽ മുബാസ് (33) എന്നയാളെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും ഈസ്റ്റ് പൊലീസും ചേർന്ന് അശ്വനി ജംഗ്ഷനിൽ വച്ച് അറസ്റ്റ് ചെയ്തു.
വാഹന പരിശോധനയിൽ ഡിക്കിയുടെ ലോക്ക് പ്രവർത്തിക്കുന്നില്ലെന്നും തുറക്കാനാകില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ സംശയം തോന്നിയ പൊലീസ് സമീപത്തുള്ള വർക്ക്ഷോപ്പിലെ മെക്കാനിക്കിനെ വിളിച്ചു വരുത്തി ഡിക്കി തുറന്നു നോക്കിയപ്പോഴാണ് 375 കുപ്പികളിലായി മുന്തിയ ഇനത്തിലുള്ള വിദേശ മദ്യം കണ്ടെത്തിയത്. കോഴിക്കോട്, വടകര, ചാലക്കുടി, ചാവക്കാട് എന്നീ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മയക്കുമരുന്ന്, അനധികൃത മദ്യക്കടത്ത് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.
അന്വേഷണ സംഘത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരത് സോമൻ, എം ആർ അരുൺകുമാർ, ജില്ലാ ലഹരിവിരുദ്ധ സേന അംഗങ്ങളും സബ് ഇൻസ്പെക്ടർമാരുമായ എൻ ജി സുവ്രതകുമാർ, പി എം റാഫി, പി രാകേഷ്, കെ ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി. സുദേവ്, പഴനിസ്വാമി, സുഹൈൽ, ലികേഷ്, വിപിൻ, എസ് സുജിത്ത്, എസ് ശരത്ത്, കെ. ആഷിഷ്, ആർ രഞ്ജു എന്നിവരും ഉണ്ടായിരുന്നു.
Post a Comment