Sep 15, 2023

സെപ്തംബർ - 15 ദൂരദര്‍ശന് ഇന്ന് 64 വയസ് .


ഭാരതത്തില്‍ ദൃശ്യ സംസ്കാരത്തിന് തുടക്കം കുറിച്ച ദൂരദര്‍ശന് ഇന്ന് 64 വയസ്.


യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളും ഉപയോഗിച്ച് 1959 സെപ്തംബര്‍ 15നാണ് ദൂരദര്‍ശന്റെ ആദ്യസിഗ്നലുകള്‍ ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ അലയടിച്ചത് .

ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ച സ്റ്റുഡിയോയില്‍ നിന്നാണ് ആദ്യസംപ്രേക്ഷണം നടത്തിയത്. ട്രാന്‍സിമിറ്ററിന്റെ ശേഷി കുറവായിരുന്നതിനാല്‍ ഡല്‍ഹിക്കുചുറ്റും 40 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ പരിപാടികള്‍ ലഭ്യമായിരുന്നുള്ളു. ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടങ്ങിയത്. 

ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷം 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്. ദൂരദർശന്റെ ദേശീയ പ്രക്ഷേപണം 1982-ൽ ആരംഭിച്ചു.. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും ദൂരദർശൻ ലൈവായി സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകര്‍ക്ക് നൂതന അനുഭവമായി.. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണാന്‍ ഗ്രാമങ്ങള്‍ മുഴുവനും ഒരു ടി.വി.യുടെ മുന്നില്‍ കാത്തിരുന്ന ദിനങ്ങളായിരുന്നു അതൊക്കെ. രാമായണം കണ്ടിട്ട് ഗ്രാമവാസികള്‍ ടി.വി.യില്‍ പുഷ്പാർച്ചന നടത്തുമായിരുന്നു എന്നത് ഇപ്പോള്‍ അതിശയോക്തിയായി തോന്നുമെങ്കിലും അക്കാലത്ത് അത് പതിവായിരുന്നു. . രംഗോലി , ചിത്രഹാർ, തുടങ്ങിയവ 1980 കളിലെ മറ്റു ജനകീയ പരിപാടികൾ ആണ്. 

1985 ജനുവരിയില്‍ ആദ്യ മലയാളം കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 85 ജനുവരി ഒന്നിന് ആരംഭിച്ചു. മലയാളം വാണിജ്യ പരിപാടികളും അന്നുതന്നെ സംപ്രേക്ഷണം തുടങ്ങി. ഇന്ന് ഇന്ത്യയിലെ 90% നു മുകളിൽ ആളുകൾക്കും 1400 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെ ദൂരദർശൻ ലഭ്യമാണ്. 46 ദൂരദർശൻ സ്റ്റുഡിയോകൾ രാജ്യമൊട്ടാകെ ദൂരദർശൻ പരിപാടികൾ നിർമ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകൾ, 11 പ്രാദേശിക ഉപഗ്രഹ ചാനലുകൾ, നാലു സംസ്ഥാന നെറ്റ്വർക്കുകൾ, ഒരു അന്താരാഷ്ട്ര ചാനൽ, ഒരു കായിക ചാനൽ, പാർലമെന്റിനു വേണ്ടി രണ്ടു ചാനലുകൾ എന്നിവ ഉൾപ്പെടെ 19 ചാനലുകൾ ഇന്നു ദൂരദർശന്റെ കീഴിൽ പ്രവർത്തിക്കുന്നു.1976-ൽ ദൂരദർശൻ ആകാശവാണിയിൽ നിന്നും വേർപെടുത്തി,. പ്രസാർ ഭാരതിയുടെ കീഴിലാണ് ഇന്ന് ദൂരദര്‍ശന്‍ പ്രവർത്തിക്കുന്നത്.ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ അന്നും ഇന്നും പ്രവര്‍ത്തനം തുടരുന്നത്. 22 ഭാഷകളിലായി 30 ചാനലുകളുള്ള ദൂരദര്‍ശന്‍ ലോകത്തെ വലിയ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളിലൊന്നാണ് .ഇപ്പോഴും ഭാരതത്തില്‍ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലാണ് ദൂരദർശൻ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only