Sep 19, 2023

ചെറൂപ്പ സി.എച്ച് .സി നിയന്ത്രണം ബ്ലോക്ക് പഞ്ചായത്തിന് വിട്ടുനല്‍കൽ സര്‍ക്കാര്‍ ഉത്തരവായി


ചെറൂപ്പ സി.എച്ച്.സിയുടെ ഭരണ നിയന്ത്രണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് വിട്ടുനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഈ സ്ഥാപനം മെഡിക്കല്‍ കോളജിന്റെ അധീനതയിലായതിനാലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറാത്തതിനാലും മെഡിക്കല്‍ കോളജില്‍ നിന്ന് നിയോഗിക്കുന്ന ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് അഡ്മിനിസ്ട്രേഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ടും, ജീവനക്കാരെയും ലഭ്യമാക്കി വിനിയോഗിക്കുന്നതിന് സാധിച്ചിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഫണ്ട് ചെലവഴിക്കാനും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനും കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലും, രാത്രി കാലങ്ങളില്‍ ഹൗസ് സര്‍ജന്‍മാരെ മാത്രം നിയോഗിച്ചുകൊണ്ട് സി.എച്ച്.സിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായതിനാലും ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.


ചെറൂപ്പ സി.എച്ച്.സിയുടെ ഭരണ നിയന്ത്രണം ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്ക് കൈമാറിക്കൊണ്ടും അക്കാഡമിക് നിയന്ത്രണം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കീഴില്‍ നിലനിര്‍ത്തിക്കൊണ്ടും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും, ഒരു സിവില്‍ സര്‍ജനെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നിയമിക്കുന്നതിനും, നിലവിലുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തുന്നതിനും, ജോലി ക്രമീകരണ വ്യവസ്ഥയില്‍ മാറ്റി നിയമിക്കപ്പെട്ട ജീവനക്കാരെ തിരികെ നിയമിക്കുന്നതിനും, പാരാമെഡിക്കല്‍ ജീവനക്കാരെ വിന്യസിക്കുന്ന വിഷയം ആരോഗ്യ വകുപ്പ് ഡയരക്ടറും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടറും തമ്മില്‍ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുന്നതിനുമുള്ള തീരുമാനങ്ങളും മന്ത്രിതല യോഗത്തില്‍ എടുത്തിട്ടുണ്ട്. ഇതുകൂടാതെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്‍മാരുടെയും സേവനം കൂടുതലായി ചെറൂപ്പ സി.എച്ച്.സിയില്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് 9-08-2023ന് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചിരുന്നതായും എം.എല്‍.എ പറ‍ഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only