Sep 20, 2023

താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് തീവെപ്പ് കേസ്;മുഴുവൻ പ്രതികളേയും വെറുതെ വിട്ടു


താമരശ്ശേരി :കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട നടപ്പാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ താമരശ്ശേരിയിൽ അക്രമം നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്.

 കോഴിക്കോട് സ്‍പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസുമായി ബന്ധപ്പെട്ട കേസ് ഡയറി കാണാതായത് വിവാദമായിരുന്നു.


ഓരോ ദിവസത്തെയും കേസന്വേഷണവിവരങ്ങളും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്ന പ്രധാനരേഖയാണ്‌ കേസ്‌ ഡയറി.കേസ്‌ ഡയറി ഇല്ലാതായതോടെ അന്വേഷണോദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍ അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ സാക്ഷികൾ എന്നിവര്‍ മൊഴിനല്‍കാന്‍ പ്രയാസപ്പെട്ടിരുന്നു.

ഇതോടെ കോടതിയില്‍ താമരശ്ശേരി പോലീസ്‌ നല്‍കിയ കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടെയും പകര്‍പ്പാവശ്യപ്പെട്ട്‌ അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മാറാട്‌ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. കേസിന്റെ നടത്തിപ്പിനാവശ്യമായ ഫയലുകഠം കൈവശമില്ലെന്നും കോടതിരേഖകളുടെ പകര്‍പ്പ്‌ വേണമെന്നും കാണിച്ചായിരുന്നു അപേക്ഷ നൽകിയത്. തുടക്കത്തില്‍ കേസന്വേഷണം നടത്തിയ ഡിവൈ.എസ്‌.പി. കേസ്‌ ഡയറി കാണാനില്ലെന്ന്‌ കോടതിയില്‍ വിചാരണവേളയില്‍ മൊഴിനല്‍കിയിരുന്നു. ഇത്‌ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ന് നടന്നത് വ്യാപക അക്രമമായിരുന്നു.

പത്രക്കെട്ടുകളും പിടിച്ചെടുത്ത് തീയിട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രക്കെട്ടുകളുമായി പോകുകയായിരുന്ന വാഹനം പുലര്‍ച്ചെ രണ്ട് മണിയോടെ അടിവാരത്ത് തടഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രകടനമായെത്തിയവര്‍ കടകള്‍ അടപ്പിച്ചു. ഒരു വിഭാഗമാളുകള്‍ താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ചുങ്കത്തെത്തിയ പ്രകടനക്കാര്‍ നാര്‍ക്കോട്ടിക് ഡി വൈ എസ് പിയുടെ വാഹനം മറിച്ചിട്ടു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിയ സംഘം ദ്രുത പ്രതികരണ സേനയുടെ ആസ്ഥാനവും റെയ്ഞ്ച് ഓഫീസും അഗ്നിക്കിരയാക്കി.
ഓഫീസിലെ കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും വനം വകുപ്പിന്റെ രണ്ട് വാഹനങ്ങളും കത്തിച്ചു. വനം വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ തകര്‍ത്തു. ഇതിനിടെ ചുങ്കത്ത് മറിച്ചിട്ട പോലീസ് വാഹനവും കെ എസ് ആര്‍ ടി സി ബസ്സും കത്തിച്ചു. താലൂക്ക് ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായി, അക്രമത്തിൽ 77.09 ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായെന്നാണ് സർക്കാറിന്റെ കണക്കുകൾ. അന്ന്‌ താമരശേരി ഡിവൈ.എ൯.പി യായിരുന്ന ജെയ്സണ്‍ കെ. അബ്രഹാമായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. അദ്ദേഹം പിന്നീട് സര്‍വീസില്‍നിന്ന്‌ വിരമിച്ചു.കേസില്‍ മൊത്തം 37 പ്രതികളാണ് ഉണ്ടായിരുന്നത്. 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only