Nov 30, 2023

അനധികൃത കരിങ്കല്‍ ക്വാറി അനുവദിക്കില്ലെന്ന് പഞ്ചായത്ത് ഭരണസമിതി ക്വാറിക്കെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് ഭരണ സമിതിയും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്


മുക്കം: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ തോട്ടുമുക്കം ദേവസ്വംകാട് പ്രദേശത്ത് പുതിയ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയും യു.ഡി.എഫും വെല്‍ഫയര്‍ പാര്‍ട്ടിയും ആക്ഷന്‍ കമ്മറ്റിയും ഒറ്റക്കെട്ടായി പ്രദേശവാസികള്‍ക്കൊപ്പം. കരിങ്കല്‍ ഖനനകേന്ദ്രത്തിന് പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വ്യക്തമാക്കി. ഭരണ സമിതി അംഗങ്ങളും യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ക്കൊപ്പം പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ദിവ്യഷിബു.

ജനവാസ മേഖലയില്‍ നാട്ടുകാരുടെ സൈ്വര്യജീവിതത്തിനു ഭീഷണിയാകുന്നവിധം ക്രഷര്‍, ക്വാറി യൂണിറ്റുകള്‍ പ്രവൃത്തിക്കാന്‍ പാടില്ല. ഇതിനു പുറമെ തോട്ടഭൂമിയാണെന്നത് മറച്ചു വച്ചാണ് പുതിയ ക്വാറിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായ ദേവസ്വംകാട് മേഖലയില്‍ റീസര്‍വേ 188ല്‍ പ്രസ്തുത ഭൂമിയോട് ചേര്‍ന്ന് ഉള്ള ഫോറസ്റ്റ് ഭൂമി കൂടി കയ്യേറി ഖനനം നടത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല 7 മീറ്റര്‍ റോഡ് ആവശ്യമായ പ്രസ്തുത ഭൂമിയിലേക്ക് മതിയായ അളവില്‍ റോഡ് സൗകര്യവുമില്ല. അപേക്ഷയില്‍ കാണിച്ചിരിക്കുന്ന റോഡില്‍ സ്വകാര്യ ഭൂമിയിലൂടെ എന്ന് പറയുന്നുവെങ്കിലും സ്ഥലം ഉടമയുടെ അനുമതി പത്രമില്ല. സംസ്ഥാന സര്‍ക്കാരിന്റെ വ്യത്യസ്ത വകുപ്പുകളുടെ അനുമതി രേഖകകളായ മാലിന്യ സംസ്‌കാരണം, കുടിവെള്ള സൗകര്യം, ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഉള്ള അകലം എന്നിവ പരിശോധിച്ച് രേഖപെടുത്തിയിട്ടുമില്ല. വ്യവസായ സൗഹൃദനയം എന്ന പേരില്‍ ധൃതിപിടിച്ച് ജനതാല്‍പര്യം മറികടന്നു ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ലൈസന്‍സ് നേടി എടുക്കാനുള്ള കുല്‍സിത ശ്രമം അംഗീകരിക്കാനാകില്ലെന്നും ദിവ്യ ഷിബു പറഞ്ഞു. 
ഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി സന്ദര്‍ശന സംഘത്തില്‍ സിപിഎം നേതാക്കളാരും പങ്കെടുത്തില്ല. 

ഭരണസമിതി അംഗങ്ങളെ നോക്കുകുത്തിയാക്കിയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ധൃതിപിടിച്ചുള്ള നീക്കങ്ങളെന്നും സ്ഥല ഉടമയോടുള്ള ബന്ധു പ്രീണന നയം അംഗീകരിക്കാനാവില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ അശ്‌റഫ് പറഞ്ഞു. കൊടിയത്തൂര്‍ പഞ്ചായത്തില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും പഞ്ചായത്ത് സെക്രട്ടറി ക്വാറി മാഫിയാ ബന്ധം അവസാനിപ്പിച്ച് ജനഹിതം മാനിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്റ് കെ.ടി ഹമീദ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആയിഷ മേലപ്പുറത്ത്, മറിയം കുട്ടി ഹസന്‍, മെമ്പര്‍മാരായ വി. ഷംലൂലത്ത്, ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, കരീം പഴങ്കല്‍, രിഹ് ല മജീദ്, രതീഷ് കളക്കുടിക്കുന്ന്, കോണ്‍ഗ്രസ് നേതാക്കളായ സി.ജെ ആന്റണി, സിറാജു ദ്ദീന്‍, സുജ ടോം, മുസ്‌ലിം ലീഗ് ഭാരവാഹികളായ എന്‍. കെ അഷ്‌റഫ്, സുധീര്‍ തോട്ടുമുക്കം, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ ഹമീദ്, സെക്രട്ടറി റഫീഖ് കുറ്റിയാട്ട്, സാലിം ജീറോഡ്, പുതിയോട്ടില്‍ ബഷീര്‍ എന്നിവരും സംഘത്തി ലുണ്ടായിരുന്നു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കത്ത് പുതിയ ക്വാറി തുടങ്ങാന്‍ അനുമതി നല്‍കരുതെന്നും ബന്ധപ്പെട്ടവര്‍ ക്വാറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജൈവ വൈവിധ്യ പരിസ്ഥിതി സമിതി കണ്‍വീനര്‍ ബാബു പൊലുകുന്ന്, അംഗങ്ങളായ സി. ഫസല്‍ ബാബു, റിനീഷ് കളത്തിങ്ങല്‍, ഷാലു തോട്ടുമുക്കം എന്നിവര്‍ ആവശ്യപ്പെട്ടു.

photo:
കരിങ്കല്‍ ക്വാറിക്കായി അപേക്ഷ നല്‍കിയ ദേവസ്വംകാട് പ്രദേശത്ത് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം രാഷ്ട്രീയ കക്ഷി-ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചപ്പോള്‍

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only