Nov 29, 2023

അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്


കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും.

പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. നേരത്തെ ചില കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കുട്ടിയെ കണ്ടെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലങ്കസംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീയെ മൈതാനത്ത് ഉപേക്ഷിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. സംഘത്തിനായി കൊല്ലം ജില്ലയിലും പുറത്തും അന്വേഷണം പുരോഗമിക്കുകയാണ്.

ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അറു വയസ്സുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തിയിരുന്നു.

രാത്രിയിൽ ഉടനീളം പൊലീസും നാട്ടുകാരും വ്യാപക അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only