റിയാദ്: സോഫ നിർമാണശാലയുടെ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് നഗരത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗമായ ഷിഫയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്.
രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് ജിഷാർ പണിയെടുത്തിരുന്ന സോഫാസെറ്റ് നിർമാണ ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. ആ സമയത്ത് അവിടെ കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന് കേൾക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്നി ഗോഡൗൺ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു.
സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി. ഉച്ചയോടെയാണ് ജിഷാറിന്‍റെ മൃതദേഹം പുറത്തെടുത്തത്. ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന ജിഷാർ ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്. സാമൂഹികപ്രവർത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്.
പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: മറിയുമ്മ. ഭാര്യ: സക്കിറ. മക്കൾ: അഫീഫ, റൂബ, ആമീർ, അനു. മരണാനന്തര നടപടികൾക്കായി കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗകത്ത്, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ല ഒ.ഐ.സി.സി പ്രസിഡൻറ് സിദ്ദിഖ് കല്ലുമ്പറമ്പനും രംഗത്തുണ്ട്.
Post a Comment