വര്‍ണക്കാഴ്ചകളുടെ വസന്തമൊരുക്കി വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ജനുവരി ഒന്നുമുതല്‍ 15 വരെ 'പൂപ്പൊലി-2024' രാജ്യാന്തര പുഷ്പമേള നടക്കും. പുഷ്‌പോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കുമെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ. യാമിനി വര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭൂഖണ്ഡങ്ങളും നാടുകളും കടന്നെത്തിയ ഡാലിയ, ആസ്റ്റര്‍, ഗ്ലാഡിയോലസ്, സയാന്തസ്, സെലേഷ്യ, സാല്‍വിയ, പെറ്റൂണിയ, വിവിധനിറങ്ങളിലുള്ള ജമന്തി, റോസാച്ചെടികളുടെ ഉദ്യാനം തുടങ്ങിയവ 12 ഏക്കറില്‍ ഒരുങ്ങുന്ന മേളയ്ക്ക് മാറ്റ് കൂട്ടും. കൃഷി ഉയരങ്ങളിലേക്ക് എന്ന സന്ദേശം നല്‍കുന്നതിനായി ലംബരീതിയിലുള്ള പൂന്തോട്ട ഘടകങ്ങളാണ് ഇത്തവണ പൂപ്പൊലിയുടെ പ്രധാന ആകര്‍ഷണം. ഉദ്യാനത്തിന്റെ വിവിധഭാഗങ്ങളില്‍ പരമ്പരാഗത പൂന്തോട്ട സങ്കല്പങ്ങളെ മറികടക്കാന്‍ ഇത്തരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പതുമുതല്‍ രാത്രി പത്ത് വരെയാണ് പ്രദര്‍ശനം. രാത്രി 8.30 വരെ ടിക്കറ്റുകള്‍ വിതരണംചെയ്യും. മുതിര്‍ന്നവര്‍ക്ക് 50-ഉം കുട്ടികള്‍ക്ക് 30-ഉം രൂപയാണ് പ്രവേശനനിരക്ക്. എല്ലാദിവസവും വൈകീട്ട് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
200-ഓളം സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്ന് അമ്പലവയലിലേക്ക് മേള കഴിയുന്നതുവരെ കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും. അസി.പ്രൊഫസര്‍മാരായ ഡോ. ഷജീഷ് ജാന്‍, ഡോ. വി. ശ്രീറാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment