Jan 15, 2024

മുക്കംകടവ് പാലം ദീപാലംകൃത പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


മുക്കം.

മുക്കംകടവ് പാലം ദീപാലംകൃത പാലം പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാരമൂലയിൽ നവീകരിച്ച താഴെ തിരുവമ്പാടി - കുമാരനെല്ലൂർ - മണ്ടാംകടവ് റോഡ്, വല്ലത്തായിക്കടവ് പാലം പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


പാലം ദീപാലംകൃതമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ തിരുവമ്പാടി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയത്. കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേ (198.35 കോടി രൂപ) പ്രവൃത്തി പുരോഗമിക്കുകയാണ്. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാത സാധ്യമാക്കി. വഴിക്കടവ് പാലം (5.83 കോടി), ചെമ്പ്കടവ് പാലം (7.85 കോടി), പോത്തുണ്ടി പാലം (3 കോടി), കുപ്പായക്കോട് പാലം (2.50 കോടി), വല്ലത്തായിക്കടവ് പാലം (4.95 കോടി) എന്നിവയുടെ പ്രവൃത്തി നടന്നുവരികയാണ്. ഇത്രയധികം പാലങ്ങളുടെ പ്രവൃത്തി നടന്നുവരുന്ന അപൂർവ്വം മണ്ഡലങ്ങളിൽ ഒന്നാണ് തിരുവമ്പാടിയെന്നും മന്ത്രി പറഞ്ഞു.

കോട്ടമുഴി പാലത്തിന്റെ (4.21 കോടി രൂപ) പ്രവൃത്തിക്കും സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. റണ്ണിംഗ് കോൺട്രാക്ട് സമ്പ്രദായം വന്നതോടെ റോഡുകളുടെ നിർമ്മാണത്തിൽ സുതാര്യത ഉറപ്പുവരുത്തിയെന്ന് മാത്രമല്ല റോഡിന്റെ പരിപാലനത്തിൽ വലിയ മാറ്റം സംസ്ഥാനത്ത് കാണാൻ സാധിച്ചു. മണ്ഡലത്തിലെ 37 റോഡുകളിൽ നാലു കോടി 53 ലക്ഷം രൂപക്ക് 148 കിലോമീറ്റർ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്. 17 റോഡുകളിലെ 74 കിലോമീറ്ററിൽ 2,37,10,000 രൂപയുടെ പ്രവൃത്തി പുരോഗമിച്ചതായും മന്ത്രി പറഞ്ഞു.

ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം മുഹമ്മദാലി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only