കോഴിക്കോട് കൊടുവളളി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടു പോയി ഒരുകിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ചു കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്ത മാങ്ങാട്ടിടം കണ്ടേരിയിലെ നൂര്‍മഹലില്‍ മര്‍വാനെ (31) മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്ബ് പൊലിസ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് അനില്‍കുമാര്‍, എസ്.ഐ അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തു കൂത്തുപറമ്ബിലെത്തിച്ചത്. പ്രതിയെ കൂത്തുപറമ്ബിന്റെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ ഇതുവരെ അറസ്റ്റിലയ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പൂക്കോട് ശ്രീധരന്‍ മാസ്റ്റര്‍ റോഡിലെ ജമീല മന്‍സിലില്‍ ടി. അഫ്സല്‍, കോട്ടയം മലബാര്‍ കൂവ്വപ്പാടിയിലെ ജംഷീര്‍ മന്‍സിലില്‍ ടി.വി റംഷാദ്, കൂത്തുപറമ്ബ് മൂര്യാട് സ്വദേശി കെ.കെ മുഹ്സിന്‍ എന്നിവരെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ മുഖ്യപ്രതി മര്‍വാന്റെ കൂട്ടാളിയായ അമീര്‍ ഉള്‍പ്പെടെയുളളവര്‍ ഒളിവിലാണ്.
ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് കൂത്തുപറമ്ബ് പൊലിസ് അറിയിച്ചു. ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബഹ്റിനില്‍ നിന്നും നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനിയായ ബുഷറയെയാണ് സ്വര്‍ണം പൊട്ടിക്കല്‍ സംഘം തട്ടിക്കൊണ്ടു പോയത്. ഇവരുടെ 23 വയസുകാരന്‍ മകന്‍ തങ്ങളുടെ കസ്റ്റഡിയില്‍ കൂത്തുപറമ്പ് ലോഡ്ജിലുണ്ടെന്നും കൂടെ വന്നില്ലെങ്കില്‍ അവനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബുഷറയെ കാറില്‍ തട്ടിക്കൊണ്ടു പോയത്.
കൂത്തുപറമ്പ് പഴയനിരത്തില്‍ ലോഡ്ജില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം പൂട്ടിയിടുകയായിരുന്നു. ഇതിനിടെ ബുഷറ ലോഡ്ജുടമയെ വിവരമറിയിക്കുകയും ഇയാളുടെ സഹായത്തോടെ കടത്ത് സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ ഉടമകളായ കൊടുവളളി സംഘത്തെ വിവരമറിയിക്കുകയായിരുന്നു. ഈ സംഘവും ബുഷറയെ തട്ടിക്കൊണ്ടു വന്ന സംഘവും കൂത്തുപറമ്ബിലെ ലോഡ്ജില്‍ നിന്നും സംഘര്‍ഷമാരംഭിച്ചപ്പോള്‍ മാനേജര്‍ കൂത്തുപറമ്ബ് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍ വിവരമറിഞ്ഞെത്തിയ കൂത്തുപറമ്ബ് ടൗണ്‍ എസ്‌ഐ പി.വി അനീഷ്‌കുമാര്‍ പ്രതികളെ പിടിക്കുന്നതിനു പകരം ലോഡ്ജ് മാനേജരെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമാണ് ശ്രമിച്ചത്. പൊലിസ് പോയതിനു ശേഷം വീണ്ടും ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്കു പിന്നില്‍ എസ്‌ഐയുടെ കൃത്യവിലോപമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ എസ്‌ഐക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Post a Comment