Jan 6, 2024

ഐഎസ്ആര്‍ഒയുടെ ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി


ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും സങ്കീർണ്ണവും സങ്കീർണ്ണവുമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണിതെന്ന് ദൗത്യ വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതിൽ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഞങ്ങൾ ശാസ്ത്രത്തിന്റെ പുതിയ അതിർത്തികൾ പിന്തുടരുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


നാല് മണിയോടെയാണ് ആദിത്യ എൽ1 ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ചത്. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചതോടെ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയെന്ന അതുല്യ നേട്ടത്തിലും ഐഎസ്ആര്‍ഒ എത്തി.

ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് (VELC) ആണ് ഒന്നാമത്തേത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഇത് നിർമ്മിച്ചത്. പുണെയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) ആണ് രണ്ടാമത്തെ ഉപകരണം. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ (SoLEXS), ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ (HEL1OS) എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് PAPA പേ ലോഡിന് പിന്നിൽ. ഇന്ത്യൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എൽ വണ്ണിന്‍റെ പ്രത്യേകതയാണ്.
സൂര്യന്റെ കൊറോണയെക്കുറിച്ചും, കൊറോണൽ മാസ് ഇജക്ഷൻ എന്ന് വിളിക്കുന്ന സൗര സ്ഫോടനങ്ങളെക്കുറിച്ചും പുത്തൻ വിവരങ്ങളാണ് ആദിത്യയിലൂടെ ലക്ഷ്യമിടുന്നത്. സൂര്യനിൽ നിന്ന് വരുന്ന പല തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും തടഞ്ഞുനിർത്തുന്നത് കൊണ്ടാണ് നമ്മുടെ ഗ്രഹത്തിൽ ജീവൻ ഇപ്പോഴത്തെ നിലയിൽ നിലനിൽക്കുന്നത്. ആ തരംഗങ്ങളെയും കാന്തിക പ്രഭാവങ്ങളെയും പഠിക്കണമെങ്കിൽ ഭൂമിയുടെ സംരക്ഷണത്തിന് പുറത്ത് പോയേ പറ്റൂ. സൗരയൂഥത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തൻ അറിവുകൾ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only