കഴിഞ്ഞ ഏഴര വർഷക്കാലം സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപ്പറമ്പ് ചെറുവാടി കാവിലട റോഡ്, കോട്ടമുഴി പാലം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിരവധി റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെ വിവിധ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് മലയോര ഹൈവേ. ഇത് യാഥാർത്ഥ്യമായി കഴിഞ്ഞാൽ കാർഷികമേഖലയുടെ കുതിപ്പിന് കാരണമാകും. ടൂറിസം മേഖലയുടെ സാധ്യതകളും വർധിക്കും. കോഴിക്കോട് ജില്ലയിൽ ആദ്യമായി പ്രവൃത്തി പൂർത്തീകരിക്കാൻ പോകുന്നത് കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേ പാതയാണ്.
റോഡിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. പശ്ചാത്തല വികസനത്തിന്റെ ഹബ്ബയി കേരളത്തെ മാറ്റാൻ സാധിക്കണം.
നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരിൽ നിന്നും സ്വീകരിച്ചുകൊണ്ട് ജനങ്ങളോടൊപ്പം നിൽക്കുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പെന്നും മന്ത്രി പറഞ്ഞു.
കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് ചെറുവാടി - കാവിലട റോഡ് 8.07 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് പുനർനിർമ്മിക്കുന്നത്. കാരശ്ശേരി-കൊടിയത്തൂർ റോഡിലെ കാലപ്പഴക്കം ചെന്ന കോട്ടമുഴി പാലം 3.8 കോടി രൂപ ചെലവിലുമാണ് പുനർ നിർമ്മിക്കുന്നത്.
ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എഞ്ചിനീയർ സി എസ് അജിത് റിപ്പോർട്ട് അവതരിപ്പിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ദിവ്യ ഷിബു , കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി. പി ജമീല, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. പി സുഫിയാൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആയിഷ ചേലപ്പുറത്ത്,
മറിയംകുട്ടിഹസ്സൻ, ബാബു പൊലുകുന്ന്
മെമ്പർമാരായ ടി. കെ അബൂബക്കർ, ആമിന എടത്തിൽ മറ്റു രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എക്സക്യൂട്ടിവ് എഞ്ചിനീയർ വി.കെ ഹാഷിം
സ്വാഗതവും, അസി.എക്‌സി.എഞ്ചിനീയർ എൻ ശ്രീജയൻ നന്ദിയും പറഞ്ഞു.
Post a Comment