മുക്കം: പന്നിക്കോട് എ.യു.പി സ്‌കൂൾ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സൗണ്ട്‌സ് & ഇവന്റ്‌സ് പന്നിക്കോട് വിന്നേഴ്‌സ് എവർ റോളിംഗ് ട്രോഫിക്കും ഇല്ലത്തൊടികയിൽ കൃഷ്ണൻ നമ്പൂതിരി സ്മാരക റണ്ണേഴ്‌സ് എവർ റോളിംഗ് ട്രോഫിക്കുമായി പന്നിക്കോട് പാസ്‌കോ ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്റർ ഡിസ്ട്രിക്ട് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം കക്കാട് ഗവ. എൽ.പി സ്‌കൂളിന്.
ആവേശകരമായ കലാശക്കളിയിൽ ആതിഥേയരായ പന്നിക്കോട് ജി.എൽ.പി സ്‌കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ചാണ് കക്കാട് ജി.എൽ.പി സ്‌കൂൾ കിരീടം ചൂടിയത്. രണ്ടാം പകുതിയുടെ അവസാന സമയത്തു ലഭിച്ച കോർണർ കിക്കിൽനിന്നാണ് മനോഹരമായ ഗോൾ പിറന്നത്.
പ്രാഥമിക റൗണ്ടിൽ കരുത്തരായ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി വിവിധ ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ഏറ്റവും മികച്ച കളിക്കാരനായി പന്നിക്കോട് ജി.എൽ.പി സ്‌കൂളിലെ അൽറാബിയും മികച്ച ഗോൾകീപ്പറായി കക്കാട് ജി.എൽ.പി സ്‌കൂളിലെ തംജീദും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫികൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു സമ്മാനിച്ചു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് സി ഫസൽ ബാബു അധ്യക്ഷനായി. കാലിക്കറ്റ് സൗണ്ട് മാനേജർ ആരിഫ നസീബ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന്, എ.യു.പി സ്‌കൂൾ മാനേജർ സി കേശവൻ നമ്പൂതിരി, കക്കാട് ജി.എൽ.പി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, പന്നിക്കോട് സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എം ഗൗരി, ഐ ശങ്കര നാരായണൻ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം കളൻതോട്, എം.സി ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരങ്ങൾക്ക് രമേശൻ മാസ്റ്റർ, സജിത ശ്രീനു, സുഭഗ ഉണ്ണികൃഷ്ണൻ, പി.പി റസ്‌ല, രമ്യ സുമോദ്, സർജിന, നുബ്‌ല, ജറീഷ, അനുശ്രീ, ഫസൽ, ശ്രീക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ ആരംഭിച്ച മത്സരം ഉച്ചയോടെ സമാപിച്ചു.
Post a Comment