Mar 11, 2024

സഹനത്തിന്റെയും ക്ഷമയുടെയും പുണ്യ നാളുകൾ വരവായി


പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങി. വിശ്വാസിയുടെ മനസ്സും ശരീരവും സ്ഫുടം ചെയ്തെടുക്കാനുള്ള വിശുദ്ധ മാസത്തെ ആരാധനകൾ കൊണ്ട് ധന്യമാക്കാൻ നാടും നഗരവും തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. 

 ഹൃദയങ്ങൾക്കൊപ്പം വീടും പരിസരവും വൃത്തിയാക്കാനുള്ള അവസാന മിനുക്കു പണികളിലാണ് വീട്ടമ്മമാർ.
 ഇന്ന് പടിഞ്ഞാറൻ ചക്രവാളത്തിൽ പൊന്നമ്പിള്ളിക്കീറ് ദൃശ്യമാകുന്നതോടെയോ, നാളെ ശഅബാൻ 30 പൂർത്തിയാകുന്നതോടെയോ ഹിജ്റ വർഷത്തിലെ ഒമ്പതാം മാസമായ പുണ്യ റമളാനിന്ന് തുടക്കം കുറിക്കുമ്പോൾ വിശ്വാസി സമൂഹം ആഹ്ലാദഭരിതരാവുകയാണ്. സർവ്വ ശ്രേഷ്ഠമായ പുണ്യമാസം വ്രതവും നിസ്കാരവും വിശുദ്ധ ഖുർആൻ പാരായണം കൊണ്ട് ധന്യമാകുമ്പോൾ റമളാൻ സൃഷ്ടിക്കുന്നത് അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിതന്നെ
 പതിനൊന്ന് മാസം വയറു നിറച്ചുണ്ടവൻ ഒരു മാസക്കാലം പകൽ സമയത്ത് പൂർണ്ണമായി ഭക്ഷണ പാ നീയങ്ങളും ശാരീരിക സുഖങ്ങളും ഉപേക്ഷിക്കുമ്പോൾ ഉള്ളവന് ഇല്ലാത്തവനെ മനസ്സിലാക്കാനുള്ള അവസരംസൃഷ്ടിക്കപ്പെടുന്നു. ആരോഗ്യപരമായും വ്രതം ഗുണകരമാണെന്നതിൽ രണ്ടുപക്ഷമില്ല. ഇതോടൊപ്പം തറവീഹും വിത്റും വിശുദ്ധ ഖുർആൻ പാരായണവും ദാനധർമ്മങ്ങളും ഇഹ്തികാഫും ഒത്തുചേരുമ്പോൾ പുണ്യമാസം സജീവമാകുന്നു. ഏപ്രിൽ രണ്ടാം വാരത്തിൽ ശവ്വാലിന്റെ ചന്ദ്രക്കല പടിഞ്ഞാറ് പ്രത്യക്ഷപ്പെടുന്നതോടെ ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാളാഘോഷിച്ച് വിശ്വാസികൾ വ്രതംഅവസാനിപ്പിക്കും.
 തുടർന്നുള്ള ഒരു വർഷത്തേക്കുവേണ്ട ആർജ്ജവും കരുത്തുമായിരിക്കും ഇതിനകംനേടിയിരിക്കുക
 റമദാൻ കടന്നുവന്നതോടെ വിപണികളും സജീവമായിരിക്കുകയാണ്. പഴം, പച്ചക്കറി മാർക്കറ്റുകൾ റമളാനിന് മാത്രമായി ഒരുങ്ങി.
 നോമ്പുതുറ നേരത്തെ പ്രധാന വിഭവമായ അരിപ്പൊടി വളരെ നേരത്തെ തന്നെ മിക്ക വീട്ടമ്മമാരും ഒരുക്കി വെച്ചിരിക്കുന്നു. മല്ലിപ്പൊടിയും മുളകുപൊടിയും കരിപ്പൊതിക്കുള്ള വെളിച്ചെണ്ണയും എല്ലാംറെഡി.ഒരാഴ്ചയായി വീടും പരിസരവും കഴുകി വൃത്തിയാക്കാനുള്ള ഒരുക്കം തകൃതിയാണ്. അതിന്റെ കലാശക്കൊട്ടായി ഇന്നാണ് നനച്ചുകുളി. ഇനി ഒരു മാസക്കാലം വ്രതവും തറാവീഹും വിശുദ്ധ ഖുർആൻ പാരായണവും അത്താഴവും മുത്താഴവുംമായി മുസ്ലിം വീടുകളിൽ രാപ്പകുകൾ സജീവം.  

by ഉസ്മാൻ അസ് ലമി
  

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only