കോഴിക്കോട്: എന്‍ഐടി പ്രതിഷേധവുമായി ബന്ധപ്പെട്ട അധ്യാപകരുടെ വാദങ്ങള്‍ തെറ്റാണെന്ന് വിദ്യാര്‍ത്ഥികള്‍. വെള്ളിയാഴ്ച നടന്ന ഓപ്പണ്‍ ഹൗസ് പരിപാടിയെ തുടര്‍ന്നുണ്ടായ ഗേറ്റിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീനിനെ മര്‍ദിച്ചുവെന്ന് എന്‍ഐടി അധികൃതര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഓപ്പണ്‍ ഹൗസിനിടെ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഡയറക്ടറും റജിസ്ട്രാറും ഇറങ്ങി പോകുന്നതിന്റെയും ഗേറ്റിലെ സംഘര്‍ഷത്തിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടു.
അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ അസിസ്റ്റന്റ് റജിസ്ട്രാര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍, പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്യാന്‍ എത്തുകയും ഇതിനിടയില്‍ പെട്ടുപോയ ഡീന്‍ ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയും പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തുകയും ജീവനക്കാരെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടത്.
ഓപ്പണ്‍ ഹൗസ് പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഡയറക്ടര്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും 2 ശതമാനം തെമ്മാടികളായ വിദ്യാര്‍ഥികളാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും എന്‍ഐടി അധികൃതര്‍ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ കര്‍ഫ്യൂവിനും അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കും എതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഏതാനും ദിവസം ബാക്കിനില്‍ക്കെ സസ്‌പെന്‍ഡ് ചെയ്തു പ്രതികാരം തീര്‍ക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Post a Comment