Jun 18, 2024

പ്രിയങ്ക എത്തുമ്പോൾ വീണ്ടും ശ്രദ്ധാകേന്ദ്രമായി വയനാട്.


കൽപറ്റ: രാഹുൽ ഗാന്ധി രാജിവെക്കുന്ന ഒഴിവിലേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട് മണ്ഡലം. യു.പിയിലെ റായ്ബറേലി എം.പി സ്ഥാനം നിലനിർത്താനും വയനാട് രാജിവെക്കാനുമായിരുന്നു രാഹുലിന്‍റെ തീരുമാനം. അണികളിൽ നിരാശയുണ്ടാക്കിയ ഈ തീരുമാനത്തിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നത്. ഇതോടെ പൂർവാധികം ആവേശത്തിലാണ് വയനാട്ടിലെ നേതാക്കളും പ്രവർത്തകരും.


2019ൽ യു.പിയിലെ അമേത്തിയിലും വയനാട്ടിലുമായിരുന്നു രാഹുൽ മത്സരിച്ചത്. എന്നാൽ, അമേത്തിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് തോറ്റതോടെ വയനാട് രാഹുലിന്‍റെ തട്ടകമായി. ഇത്തവണ വയനാട്ടിൽ നിന്ന് രാജിവെക്കുമ്പോൾ പകരം ആരാവും എന്നത് ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യമായിരുന്നു. രാഹുലിനെ പോലെ ജനപ്രിയനായ നേതാവ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലത്തിൽ നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുന്ന ഒരു സ്ഥാനാർഥിയെ തന്നെ നിർത്തുക അനിവാര്യതയായിരുന്നു. ഇതിന് പിന്നാലെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന തീരുമാനമുണ്ടായത്.

കെ. മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പേര് ഒരു ഘട്ടത്തിൽ ചർച്ചയിൽ വന്നിരുന്നു. തൃശൂരിലേറ്റ തോൽവിക്ക് പിന്നാലെ പാർട്ടിയെ തന്നെ പഴിച്ച് മുരളീധരൻ രംഗത്തുവന്നതോടെ, അദ്ദേഹത്തെ അനുനയിപ്പിക്കാനായി വയനാട്ടിൽ മത്സരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രിയങ്കയെ സ്ഥാനാർഥിയാക്കിയത്. വയനാട്ടിനും റായ്ബറേലിക്കും ഒരുപോലെ സന്തോഷം നൽകുമെന്ന് നേരത്തെ രാഹുൽ പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന പ്രിയങ്ക തന്നെ വയനാട്ടിലെത്തുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നില്ല.

യു.ഡി.എഫിന്‍റെ സുരക്ഷിത മണ്ഡലമായ വയനാട്ടിൽ 2009ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് 1,53,439 വോട്ടിനാണ് വിജയിച്ചിരുന്നത്. എന്നാൽ, 2014ൽ ഷാനവാസിന്‍റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. സി.പി.ഐയുടെ സത്യൻ മൊകേരിക്കെതിരെ 20,870 വോട്ടിനാണ് ഷാനവാസ് വിജയിച്ചത്. 2019ൽ രാഹുൽ ഗാന്ധി എത്തിയതോടെ ചിത്രം മാറി. 4,31,770 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിൽ സി.പി.ഐ നേതാവ് പി.പി. സുനീറിനെ രാഹുൽ പരാജയപ്പെടുത്തി. രാഹുൽ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20ൽ 19 സീറ്റും യു.ഡി.എഫ് നേടി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ ദേശീയ നേതാവ് ആനി രാജയെയാണ് രാഹുലിനെ നേരിടാൻ ഇറക്കിയത്. രാഹുലിന്‍റെ ഭൂരിപക്ഷത്തിൽ ഇത്തവണ 67,000 വോട്ടിന്‍റെ കുറവുണ്ടായി.

അതേസമയം, പ്രിയങ്കയുടെ എതിരാളികൾ ആരാവുമെന്ന് ചിത്രം തെളിഞ്ഞിട്ടില്ല. വീണ്ടും മത്സരിക്കുന്നില്ലെന്നും സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നുമാണ് ആനി രാജ പറഞ്ഞത്. ബി.ജെ.പിയും സ്ഥാനാർഥിയെ കുറിച്ച് സൂചന നൽകിയിട്ടില്ല. എൻ.ഡി.എ സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ ഇത്തവണ വയനാട്ടിൽ 60,000ലേറെ വോട്ടിന്‍റെ വർധനവുണ്ടാക്കിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only