കൊണ്ടോട്ടി : വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. കരിപ്പൂരില്‍ ആയിരുന്നു സംഭവം. വിമാനം പോകുമ്പോഴുണ്ടായ കാറ്റടിച്ച് 40 ഓളം ഓടുകള്‍ ആണ് പറന്ന് പോയത്. നെടിയിരുപ്പ് മേലേപ്പറമ്ബില്‍ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീൻ ഹാജിയുടെ വീടിനാണ് കേട്പാടുണ്ടായത്. ശനിയാഴ്ച രാത്രിയോടെ യായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ ആയിരുന്നു വീടിന് മുകളിലൂടെ പറന്നത്. ഇതേ തുടർന്നുണ്ടായ കാറ്റില്‍ മീറ്ററുകളോളമാണ് ഓടുകള്‍ പറന്ന് പോയത്.
ശക്തമായ കാറ്റാണെന്ന് കരുതി വീട്ടുകാർ പുറത്തിറങ്ങി നോക്കി. അപ്പോഴാണ് വിമാനം പറന്നതാണെന്ന് വ്യക്തമായത്. സംഭവ സമയം ഓടുകള്‍ പറന്ന് പോയ ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വൻ ദുരന്തം ആണ് ഒഴിവായത്.
ലാൻഡിംഗിനായി വിമാനം കടന്നുപോകുന്ന സ്ഥലത്താണ് മൊയ്തീൻ ഹാജിയുടെ വീട്. മുൻപും വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ ഓടുകള്‍ പറന്നുപോയിട്ടുണ്ട്. എന്നാല്‍ അന്നെല്ലാം ഒന്നോ രണ്ടോ ഓടുകള്‍ ആണ് പറന്ന് പോകാറുള്ളത് എന്നും ആദ്യമായിട്ടാണ് നാല്‍പ്പതോളം ഓടുകള്‍ പറന്ന് പോകുന്നത് എന്നും വീട്ടുകാർ പറഞ്ഞു. സംഭവം വീട്ടുകാർ റവന്യൂ അധികൃതരെ അറിയിച്ചിട്ടുണ്ട്.
Post a Comment