മുക്കം: മുക്കത്തുകാർക്ക് കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളില്‍ യാത്ര ചെയ്യേണ്ടേ? യാത്രക്കാരുടെ ദീർഘകാലമായുള്ള ഈ ചോദ്യത്തിന് എന്ന് പരിഹാരമാവും.
കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നും മലയോര മേഖലയുടെ കേന്ദ്രവുമായ മുക്കം നഗരത്തില്‍ ദീർഘദൂര ബസുകളില്‍ കയറാനും ഇറങ്ങാനും ആളുകളുണ്ടായിട്ടും സ്റ്റോപ്പില്ലാതായതോടെ യാത്രക്കാരുടെ ദുരിതം വർധിക്കുന്നു. മുക്കത്തുനിന്ന് താമരശ്ശേരിയിലെത്താൻ 15 കിലോമീറ്റർ സഞ്ചരിക്കണം. അരീക്കോടും 15 കിലോമീറ്റർ ദൂരെയാണ്. രണ്ടു സ്ഥലങ്ങളിലുമാണ് സ്റ്റോപ് നിലവിലുള്ളത്. മറ്റു വാഹനങ്ങള്‍ കിട്ടാൻ ബുദ്ധിമുട്ടുള്ള രാത്രിയില്‍ അവിടെ ഇറങ്ങി മുക്കത്തെത്താനും പ്രയാസമാണ്. അതിനാല്‍ യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്.
ബംഗളൂരു, മൈസൂരു, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കല്‍പറ്റ വഴിയുള്ള ദീർഘദൂര ബസുകള്‍ക്കാണ് മുക്കത്ത് സ്റ്റോപ് ഇല്ലാത്തത്. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നിരവധി വിദ്യാർഥികള്‍ ഇവിടെയുണ്ട്. ബംഗളൂരുവില്‍ ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരുമുണ്ട്. തെക്കൻ കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികള്‍ മുക്കം നഗരത്തില്‍ നിന്ന് യാത്ര ചെയ്യുന്നുണ്ട്. തിരുവനന്തപുരം റീജനല്‍ കാൻസർ സെന്റർ, എറണാകുളം അമൃത ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളില്‍ പോകേണ്ടവരും ദീർഘദൂര യാത്രക്ക് മുക്കത്ത് എത്താറുണ്ട്.
തൃശൂർ മുതല്‍ തിരുവനന്തപുരം വരെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേർ യാത്ര ആരംഭിക്കുന്നത് മുക്കത്ത് നിന്നാണ്. അങ്ങനെയുള്ള മുക്കം വഴി കടന്നുപോവുന്ന കെ.എസ്.ആർ.ടി.സിയുടെ മിന്നല്‍, വോള്‍വോ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ എക്സ്പ്രസ് എയർ ബസ്, സൂപ്പർ ഡീലക്സ് എയർ എന്നിവയടക്കമുള്ള ബസുകള്‍ക്ക് മുക്കം നഗരത്തില്‍ സ്റ്റോപ് അനുവദിക്കണമെന്ന് മൊയ്തീൻ കോയ ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ട്രസ്റ്റ് സെക്രട്ടറി ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു.
Post a Comment