ബെംഗളൂരു: ഭർത്താവില്‍നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം.
ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു കർണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകള്‍. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഹർജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹർജി തള്ളുമെന്നും കോടതി ഹർജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായിരുന്നു.
കർണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭർത്താവ് നരസിംഹയില്‍നിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2023 സെപ്റ്റംബറില്‍ ബെംഗളൂരു കുടുംബകോടതി രാധയ്ക്ക് ഭർത്താവ് പ്രതിമാസം 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് രാധ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. എന്നാല്‍, മാസം ആറ് ലക്ഷത്തിലേറെ രൂപ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി രൂക്ഷവിമർശനമുന്നയിക്കുകയായിരുന്നു.
വസ്ത്രങ്ങളും വളകളും ചെരിപ്പുകളും വാങ്ങാൻ മാസം 15,000 രൂപ മാത്രം വേണ്ടിവരുമെന്നായിരുന്നു ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞത്. ഭക്ഷണത്തിനായി 60,000 രൂപ ഒരുമാസം വേണ്ടിവരും. മുട്ടുവേദനയ്ക്കും ഇതിനോട് അനുബന്ധിച്ചുള്ള ഫിസിയോതെറാപ്പിയും ഉള്‍പ്പെടെ ചികിത്സയ്ക്കായി പ്രതിമാസം നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നും സ്ത്രീയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാല്‍, ഹർജിക്കാരിയുടെ വാദം കേട്ട വനിതാ ജഡ്ജി ഈ ആവശ്യങ്ങള്‍ കോടതി നടപടികളെ ചൂഷണംചെയ്യുന്നതാണെന്ന് നിരീക്ഷിച്ചു. ഇത്രയും തുക ചെലവഴിക്കണമെങ്കില്‍ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതെല്ലാം ഒരാള്‍ക്ക് ആവശ്യമുള്ളതാണെന്ന് കോടതിയോട് പറയരുത്. മാസം 6,16,300 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരെങ്കിലും ഇത്രയും തുക ചെലവഴിക്കുന്നുണ്ടോ? ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീ, അവർക്ക് ഇത്രയും തുക ചെലവഴിക്കേണ്ടതുണ്ടെങ്കില്‍ അവർ സമ്പാദിക്കട്ടെ, അല്ലാതെ ഭർത്താവില്‍നിന്നല്ല അത് വാങ്ങേണ്ടത്. നിങ്ങള്‍ക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തമില്ല. കുട്ടികളെ സംരക്ഷിക്കാനില്ല. ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അതിനാല്‍ ആവശ്യങ്ങളില്‍ ന്യായം വേണമെന്നും കോടതി വിശദീകരിച്ചു. തുടർന്ന് ന്യായമായ തുക ആവശ്യപ്പെടാൻ നിർദേശിച്ച കോടതി, അല്ലെങ്കില്‍ ഹർജി തള്ളിക്കളയുമെന്നും മുന്നറിയിപ്പ് നല്‍കി.
Post a Comment