Aug 1, 2024

ദുരന്തമുഖത്ത് രാഷ്ട്രീയം പറയാനുള്ള നേരമല്ല, കൈമെയ് മറന്ന് എല്ലാവരും ഒന്നിക്കണം: രമേശ് ചെന്നിത്തല


ചൂരൽമല: മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്തത്ര ഭയാനകവും ദാരുണവുമായ ദുരന്തമുഖത്താണു കേരളം. വയനാടിന്റെ ഹൃദയം കീറിമുറിച്ചു ഉരുണ്ടിറങ്ങിവന്ന ഉരുളിന്റെ നീർച്ചാലുകൾ ഇനിയും ശമിച്ചിട്ടില്ല. മലവെള്ളത്തെക്കാൾ കടുകട്ടിയിലാണ് ഇവിടുത്തെ ജനങ്ങളുടെ ജീവരക്തം ഘനീഭവിക്കുന്നത്. ഈ സമയത്ത് ഭരണാധികാരികൾ രാഷ്ട്രീയം പറഞ്ഞ് കലഹിക്കുന്നത് വയനാട്ടിലെ ജനങ്ങളോടു കാണിക്കുന്ന അനീതിയാണ്. ദുരന്തത്തെക്കുറിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ നടത്തുന്ന ഭിന്നാഭിപ്രായങ്ങൾ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ഹൃദയനൊമ്പരങ്ങൾ കൂട്ടുകയേയുള്ളൂ. ഇത്തരം ഭിന്നതകളെല്ലാം തൽക്കാലം മാറ്റി വയ്ക്കണം.

ദുരന്തത്തെക്കുറിച്ചു പലതവണ മുന്നറിയിപ്പു തന്നിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അതു നിഷേധിക്കുന്നു. ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾ മാറ്റിവച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകളും മുഴുവൻ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും ഭരണസംവിധാനങ്ങളും ഒരുമിച്ചു നിന്ന് വയനാടിന്റെ മുറിവുണക്കാൻ കഠിനാധ്വാനം ചെയ്യണം.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ഉരുൾപൊട്ടലാണ് വയനാട്ടിൽ സംഭവിച്ചത്. അതിൽ നിന്നുള്ള അതിജീവനത്തിന് സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ എളുപ്പമാവില്ല. സാങ്കേതിക സാഹചര്യങ്ങൾ പരി​ഗണിക്കാതെ വയനാട് ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി കേന്ദ്ര സർക്കാർ പരമാവധി സഹായങ്ങൾ ലഭ്യമാക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വയനാട്ടിലെത്തി സ്ഥിതി​ഗതികൾ നേരിട്ടു വിലയിരുത്തണം.
ദുരന്ത സ്ഥലങ്ങളും മേപ്പാടിയിലെ ആശുപത്രിയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിലെത്തിയ അദ്ദേഹം രക്ഷാ പ്രവർത്തനങ്ങളിലേർപ്പെട്ടവരെ നന്ദി അറിയിച്ചു. എല്ലാ വിഭാ​ഗം ജനങ്ങളും ഏകമനസോടെ കൈകോർത്ത് ദുരന്തത്തിനിരയായവർക്ക് ആവശ്യമായ സഹായങ്ങളും ആശ്വാസവും എത്തിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ, എൻ. സുബ്രഹ്മണ്യൻ കെ എല്‍ പൗലോസ് എം എ ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only