അബുദാബി: പണ്ടുമുതല്‍തന്നെ കേരളത്തില്‍ നിന്നടക്കം നിരവധി ചെറുപ്പക്കാർ തൊഴില്‍തേടി യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലെത്താറുണ്ട്. 18നും 30നും ഇടയില്‍ പ്രായമുള്ള ധാരാളം ചെറുപ്പക്കാർ പഠനത്തിനും ജോലിക്കുമായി ദിനംപ്രതി യുഎഇയിലെത്തുന്നു. ഇത്തരം ചെറുപ്പക്കാരെ ലക്ഷ്യമിട്ട് പുതിയൊരു തട്ടിപ്പ് യുഎഇയില്‍ വ്യാപകമാവുകയാണ്. ഡേറ്റിംഗ് ആപ്പായ ടിൻഡർ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. മുതിർന്ന പുരുഷന്മാരും ഇതിന് ഇരകളാവുന്നുണ്ട്.
ടിൻഡർ ആപ്പിലൂടെ നൈറ്റ്‌ക്ളബില്‍ ഡേറ്റിംഗിന് പോയവരില്‍ 10,000 ദിർഹംവരെ (ഏകദേശം രണ്ട് ലക്ഷത്തോളം രൂപ) നഷ്ടമായവരുണ്ട്. ഇതിന് പിന്നില്‍ ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ടിൻഡർ, ബംബിള്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകളില്‍ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി സ്ത്രീകള്‍ പുരുഷന്മാരെ സമീപിക്കുകയും ചാറ്റിംഗിലൂടെയും മറ്റും കെണിയില്‍ വീഴ്‌ത്തുകയും ചെയ്യും. ശേഷം ഡേറ്റിംഗിനായി നൈറ്റ് ക്ളബുകളിലേയ്ക്ക് ക്ഷണിക്കും. വിലയേറിയ വിഭവങ്ങള്‍ ഓർഡർ ചെയ്യും. തുടർന്ന് സൂത്രത്തില്‍ സ്ഥലംവിടും. 3000 മുതല്‍ 10,000 ദിർഹംവരെ തട്ടിപ്പിനിരയായവർക്ക് ബില്‍ നല്‍കേണ്ടതായി വരുന്നു. അവസാനം തട്ടിപ്പ് നടത്തുന്ന സ്ത്രീകള്‍ സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ തട്ടിപ്പിനിരയായവരെ ബ്ളോക്ക് ചെയ്യുന്നു.
യൂറോപ്പ് പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായ ഈ തട്ടിപ്പ് ഇപ്പോള്‍ ദുബായിലും എത്തിയിരിക്കുകയാണെന്ന് ചില ഹോസ്‌പിറ്റാലിറ്റി പ്രൊഫഷണലുകള്‍ വ്യക്തമാക്കി. ദുബായിലെ ആഡംബര മേഖലകളായ ബിസിനസ് ബേ, ദുബായ് മറീന എന്നിവിടങ്ങളിലെ ബാറുകളിലും നൈറ്റ് ക്ളബുകളിലുമാണ് ഡേറ്റിംഗ് ആപ്പ് തട്ടിപ്പുകള്‍ കൂടുതലായും നടക്കുന്നത്. എന്നാല്‍ തട്ടിപ്പുകളില്‍ ദുബായ് സാമ്ബത്തിക, ടൂറിസം വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post a Comment