Aug 11, 2024

സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു; തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇരട്ട നേട്ടം.


തിരുവമ്പാടി : 2023 -24 വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡ്  ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചപ്പോൾ ഇരട്ട നേട്ടവുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും (96.7) പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രവും (90.8) ജില്ലയിൽ രണ്ടാം സ്ഥാനം  നേടി മലയോര മേഖലയ്ക്ക് അഭിമാനമായി.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അവാർഡ് കമ്മിറ്റി തെരഞ്ഞെടുത്ത മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്.


രണ്ട് സ്ഥാപനങ്ങൾക്കും 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് തുകയും പ്രശസ്തി പത്രവും ലഭിക്കുന്നതാണ്. ദേശീയ അവാർഡ് ആയ എൻ ക്യു എ എസ് അവാർഡും സംസ്ഥാന കാഷ് അവാർഡും കഴിഞ്ഞവർഷം തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം നേടിയിരുന്നു.


എഫ് എച്ച് സി യുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും, വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായവും വിനിയോഗിച്ചു.


തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ഈ ഇരട്ട അംഗീകാരം ആശുപത്രി വികസനത്തിനും പൊതുജനങ്ങൾക്കും വളരെയധികം പ്രയോജനപ്പെടുമെന്നും ജീവനക്കാരുടെ കൂട്ടായ്മയുടെയും  അർപ്പണബോധത്തിന്റെയും വിജയം കൂടിയാണ് ഈ നേട്ടമെന്നും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only